ഏതാണ്ട് ഒരു വർഷത്തെ ഇടവേളയ്ക്ക് ശേഷം ദുബായ് – അബുദാബി പൊതുഗതാഗത ബസ് റൂട്ടിലെ (റൂട്ട് E101) സേവനങ്ങൾ പുനരാരംഭിച്ചതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു. സെപ്റ്റംബർ 13, തിങ്കളാഴ്ച്ച വൈകീട്ടാണ് RTA ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
കൊറോണ വൈറസ് വ്യാപന പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളെത്തുടർന്ന് റൂട്ട് E101-ലെ സേവനങ്ങൾ നിർത്തിവെച്ചിരിക്കുകയായിരുന്നു. ദുബായിലെ ഇബ്ൻ ബത്തൂത്ത ബസ് സ്റ്റേഷനിൽ നിന്ന് ആരംഭിക്കുന്ന ഈ ഇന്റർസിറ്റി റൂട്ട് അബുദാബിയിലെ സെൻട്രൽ ബസ് സ്റ്റേഷനിലേക്കാണ് യാത്രാ സേവനങ്ങൾ നൽകുന്നത്.
അബുദാബി ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്ററുമായി ചേർന്നാണ് RTA ഈ റൂട്ടിലെ സേവനങ്ങൾ നൽകുന്നത്. ഇരു എമിറേറ്റുകളുടെയും ഇടയിലുള്ള ഒരു പ്രധാന പൊതു ഗതാഗത സംവിധാനമാണ് ഈ ബസ് റൂട്ട്.
കർശനമായ സുരക്ഷാ മാനദണ്ഡങ്ങളോടെയാണ് ഈ റൂട്ടിലെ സേവനങ്ങൾ പുനരാരംഭിച്ചിരിക്കുന്നത്:
- സമൂഹ അകലം, മാസ്കുകളുടെ ഉപയോഗം തുടങ്ങിയ മുൻകരുതൽ നിർദ്ദേശങ്ങൾ എല്ലാ യാത്രികർക്കും ബാധകമാണ്.
- അബുദാബിയിലേക്ക് യാത്ര ചെയ്യുന്ന വാക്സിനെടുത്ത യാത്രികർക്ക് Al Hosn ആപ്പിൽ ഗ്രീൻ സ്റ്റാറ്റസ് നിർബന്ധമാണ്. ഇതോടൊപ്പം ആപ്പിൽ ഗോൾഡ് സ്റ്റാർ അല്ലെങ്കിൽ E ചിഹ്നം എന്നിവ ഉണ്ടായിരിക്കണം.
- വാക്സിനെടുക്കാത്തവർക്ക് 48 മണിക്കൂറിനിടയിൽ നേടിയിട്ടുള്ള COVID-19 PCR അല്ലെങ്കിൽ DPI നെഗറ്റീവ് റിസൾട്ട് ഹാജരാക്കേണ്ടതാണ്. അബുദാബിയിലേക്ക് യാത്രചെയ്യുന്ന ഒരു വ്യക്തിക്ക് രണ്ട് തവണ തുടർച്ചയായി DPI റിസൾട്ട് ഉപയോഗിക്കാൻ അനുമതിയില്ല.
Cover Photo: RTA.