ദുബായ്: ഗ്ലോബൽ വില്ലേജ് ബസ് സർവീസ് പുനരാരംഭിക്കുമെന്ന് RTA; മിറാക്കിൾ ഗാർഡൻ ബസ് റൂട്ട് നവംബർ 1 മുതൽ

featured UAE

ഗ്ലോബൽ വില്ലേജിന്റെ ഇരുപത്തിയാറാം സീസൺ ഒക്ടോബർ 26 മുതൽ ആരംഭിച്ച സാഹചര്യത്തിൽ ഗ്ലോബൽ വില്ലേജിലേക്ക് സർവീസ് നടത്തുന്ന നാല് ബസ് റൂട്ടുകളുടെ സേവനം പുനരാരംഭിക്കുമെന്ന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചിട്ടുണ്ട്. ഒക്ടോബർ 26-നാണ് RTA ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

താഴെ പറയുന്ന നാല് ബസ് റൂട്ടുകളാണ് ഗ്ലോബൽ വില്ലേജിലേക്ക് പുനരാരംഭിക്കുന്നത്:

  • റാഷിദിയ സ്റ്റേഷനിൽ നിന്നുള്ള റൂട്ട് 102. (60 മിനിറ്റ് ഇടവേളയിൽ)
  • യൂണിയൻ സ്റ്റേഷനിൽ നിന്നുള്ള റൂട്ട് 103. (40 മിനിറ്റ് ഇടവേളയിൽ)
  • അൽ ഗുബൈബ ബസ് സ്റ്റേഷനിൽ നിന്നുള്ള റൂട്ട് 104. (60 മിനിറ്റ് ഇടവേളയിൽ)
  • മാൾ ഓഫ് എമിറേറ്റ്സ് ബസ് സ്റ്റേഷനിൽ നിന്നുള്ള റൂട്ട് 106. (60 മിനിറ്റ് ഇടവേളയിൽ)

ഗ്ലോബൽ വില്ലേജ് റൂട്ടിൽ 10 ദിർഹമാണ് യാത്രികരിൽ നിന്ന് ഒരു ട്രിപ്പിന് ഈടാക്കുന്നത്. ഈ റൂട്ടിൽ സാധാരണ ബസുകൾക്ക് പുറമെ ഡീലക്സ് കോച്ചുകളും സർവീസ് നടത്തുന്നതാണ്.

ഇതിന് പുറമെ എക്സ്പോ 2020 ദുബായ് വേദിയെയും ഗ്ലോബൽ വില്ലേജിനേയും ബന്ധിപ്പിക്കുന്നതിനായി റൂട്ട് 294 എന്ന എക്സ്പോ റൈഡർ റൂട്ടും RTA ആരംഭിച്ചിട്ടുണ്ട്.

മിറാക്കിൾ ഗാർഡൻ ബസ് റൂട്ട് നവംബർ 1 മുതൽ

ദുബായിലെ മിറാക്കിൾ ഗാർഡൻ സന്ദർശിക്കുന്നവർക്കായുള്ള റൂട്ട് 105 2021 നവംബർ 1 മുതൽ പുനരാരംഭിക്കുന്നതാണ്. മാൾ ഓഫ് എമിറേറ്റ്സ് ബസ് സ്റ്റേഷനിൽ നിന്ന് മിറാക്കിൾ ഗാർഡലേക്കാണ് റൂട്ട് 105 സർവീസ് നടത്തുന്നത്.

മുപ്പത് മിനിറ്റ് ഇടവേളയിലാണ് ഈ റൂട്ടിലെ സർവീസുകൾ (വ്യാഴം, വെള്ളി ദിനങ്ങളിൽ 20 മിനിറ്റ് ഇടവേളയിൽ). അഞ്ച് ദിർഹമാണ് ഈ റൂട്ടിലെ ബസ് ചാർജ്ജ്.