ഉയർന്ന രോഗവ്യാപന സാധ്യതയുള്ള രാജ്യങ്ങളിൽ നിന്ന് കുവൈറ്റിലേക്ക് പ്രവേശിക്കുന്നതിന് നിലവിൽ ഏർപ്പെടുത്തിയിട്ടുള്ള യാത്രാവിലക്കുകൾ ഉടൻ പിൻവലിക്കുമെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ വ്യാജമാണെന്ന് കുവൈറ്റ് ആരോഗ്യ മന്ത്രാലയം സൂചിപ്പിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കുവൈറ്റ് ആരോഗ്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരെ ഉദ്ധരിച്ചാണ് മാധ്യമങ്ങൾ ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
കൊറോണ വൈറസ് പ്രതിരോധ നടപടികൾ ശക്തമാക്കുന്നതിന്റെ ഭാഗമായി, 2021 ഫെബ്രുവരി 7 മുതൽ രണ്ടാഴ്ച്ചത്തേക്ക് വിദേശ പൗരന്മാർക്ക് രാജ്യത്തേക്ക് പ്രവേശിക്കുന്നതിന് കുവൈറ്റ് വിലക്കേർപ്പെടുത്തിയിരുന്നു. രോഗസാധ്യത നിലനിൽക്കുന്ന രാജ്യങ്ങൾക്ക് ഏർപ്പെടുത്തിയിട്ടുള്ള വിലക്കിന് പുറമെയായിരുന്നു ഈ തീരുമാനം.
രണ്ടാഴ്ച്ചത്തെ ഈ വിലക്കുകൾ ഫെബ്രുവരി 21-ന് അവസാനിക്കുമെന്നാണ് നിലവിൽ കുവൈറ്റ് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA) അറിയിച്ചിരിക്കുന്നത്. ഫെബ്രുവരി 21-ന് ഈ വിലക്ക് പിൻവലിക്കുമ്പോൾ കുവൈറ്റ് ഇന്റർനാഷണൽ എയർപോർട്ടിലൂടെ രാജ്യത്തേക്ക് പ്രവേശിക്കുന്ന വിദേശികൾക്ക് ഏർപ്പെടുത്തുന്ന ഇന്സ്റ്റിട്യൂഷണൽ ക്വാറന്റീൻ നടപടികളെക്കുറിച്ച് DGCA-യും ആരോഗ്യ മന്ത്രാലയവും തമ്മിൽ നടക്കുന്ന ചർച്ചകളെക്കുറിച്ച് പ്രതികരിക്കുന്നതിനിടയിലാണ് മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ ഇക്കാര്യം അറിയിച്ചിട്ടുള്ളത്.
ഫെബ്രുവരി 21 മുതൽ ഈ വിലക്കുകൾ പിൻവലിക്കുകയാണെങ്കിൽ തന്നെ, ഉയർന്ന രോഗവ്യാപന സാധ്യതയുള്ള രാജ്യങ്ങളിൽ നിന്ന് കുവൈറ്റിലേക്ക് പ്രവേശിക്കുന്നതിന് ഏർപ്പെടുത്തിയിട്ടുള്ള യാത്രാവിലക്കുകൾ തുടരുമെന്നാണ് ലഭിക്കുന്ന സൂചന. മറിച്ച് പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്നും സ്രോതസുകൾ സൂചിപ്പിച്ചു.
ഫെബ്രുവരി 21 മുതൽ യാത്രാ വിലക്കുകൾ ഒഴിവാക്കുകയാണെങ്കിൽ, രോഗസാധ്യത കുറഞ്ഞ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ചുരുങ്ങിയത് 7 ദിവസത്തെ ഹോട്ടൽ ക്വാറന്റീനും, തുടർന്ന് 7 ദിവസത്തെ ഹോം ക്വാറന്റീനും നിർബന്ധമാക്കുമെന്നാണ് സൂചന. യാത്രികരുടെ സ്വന്തം ചെലവിലാണ് ഈ ക്വാറന്റീൻ ഏർപ്പെടുത്തുന്നത്.