ഡിസംബർ 29, ചൊവ്വാഴ്ച്ച മുതൽ, റുവിയിൽ നിന്ന് മസ്കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള ബസ് സർവീസുകൾ പുനരാരംഭിക്കുമെന്ന് മുവാസലാത്ത് അറിയിച്ചു. ഒരാഴ്ച്ചത്തേക്ക് അടച്ചിട്ടിരുന്ന രാജ്യാതിർത്തികൾ ഡിസംബർ 29 മുതൽ തുറക്കാനുള്ള ഒമാനിലെ സുപ്രീം കമ്മിറ്റിയുടെ തീരുമാനത്തെത്തുടർന്നാണ് വിമാനത്താവളത്തിലേക്കുള്ള ബസ് സർവീസുകൾ മുവാസലാത്ത് പുനരാരംഭിക്കുന്നത്.
COVID-19 വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയ സാഹചര്യത്തിൽ ഡിസംബർ 22 മുതൽ ഒരാഴ്ച്ചത്തേക്ക് രാജ്യത്തിന്റെ അതിർത്തികൾ അടയ്ക്കാനുള്ള സുപ്രീം കമ്മിറ്റിയുടെ തീരുമാനത്തെ തുടർന്ന് വിമാനത്താവളത്തിലേക്കുള്ള ബസ് സർവീസുകൾ മുവാസലാത്ത് നിർത്തിവെച്ചിരുന്നു. “29 ഡിസംബർ 2020 മുതൽ റൂട്ട് A1 (റുവി – മസ്കറ്റ് ഇന്റർനാഷണൽ എയർപോർട്ട് – മബേല) സർവീസുകൾ പുനരാരംഭിക്കുന്നതാണ്.”, മുവാസലാത്ത് പുറത്തിറക്കിയ അറിയിപ്പിൽ വ്യക്തമാക്കുന്നു.
29 ഡിസംബർ മുതൽ ഒമാനിലേക്കുള്ള വ്യോമ ഗതാഗതം പുനരാരംഭിക്കാനും, ഒമാനിലേക്കുള്ള കര, കടൽ മാർഗ്ഗമുള്ള പ്രവേശന കവാടങ്ങൾ തുറന്നു നൽകാനും സുപ്രീം കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്.