ഒമാൻ: മസ്കറ്റ് എയർപോർട്ടിലേക്കുള്ള സർവീസുകൾ മുവാസലാത്ത് ഒരാഴ്ച്ചത്തേക്ക് നിർത്തിവെക്കുന്നു

Oman

ഡിസംബർ 22, ചൊവ്വാഴ്ച്ച മുതൽ ഒരാഴ്ച്ചത്തേക്ക് റുവി മുതൽ മസ്കറ്റ് അന്താരാഷ്ട്ര വിമാനത്താവളം വരെയുള്ള ബസ് സർവീസുകൾ നിർത്തലാക്കുന്നതായി മുവാസലാത്ത് അറിയിച്ചു. COVID-19 വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയ സാഹചര്യത്തിൽ ഡിസംബർ 22 മുതൽ ഒരാഴ്ച്ചത്തേക്ക് രാജ്യത്തിന്റെ അതിർത്തികൾ അടയ്ക്കാനുള്ള സുപ്രീം കമ്മിറ്റിയുടെ തീരുമാനത്തെ തുടർന്നാണ് വിമാനത്താവളത്തിലേക്കുള്ള ബസ് സർവീസുകൾ മുവാസലാത്ത് നിർത്തലാക്കുന്നത്.

“22 ഡിസംബർ 2020 മുതൽ ഒരാഴ്ച്ചത്തേക്ക് റൂട്ട് A1 (റുവി – മസ്കറ്റ് ഇന്റർനാഷണൽ എയർപോർട്ട് – മബേല) റദ്ദാക്കിയിരുന്നു.”, മുവാസലാത്ത് പുറത്തിറക്കിയ അറിയിപ്പിൽ വ്യക്തമാക്കുന്നു.

ഡിസംബർ 22-ന് 01.00 am മുതൽ ഒമാനിലേക്കുള്ള വ്യോമയാന സേവനങ്ങളും, കര, കടൽ മാർഗ്ഗങ്ങളിലൂടെയുള്ള ഗതാഗതവും നിർത്തിവെക്കാൻ സുപ്രീം കമ്മിറ്റി തീരുമാനിച്ചിരുന്നു. യാത്രാ സേവനങ്ങൾ മാത്രമാണ് നിലവിൽ നിർത്തിവെക്കുന്നതെന്നും, വിമാനങ്ങൾ, കപ്പൽ, ട്രക്ക് എന്നിവ ഉപയോഗിച്ച് കൊണ്ടുള്ള ചരക്ക് ഗതാഗതം തുടരുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. നിലവിലെ സാഹചര്യങ്ങൾ സുപ്രീം കമ്മിറ്റി നിരീക്ഷിച്ച് വരുന്നതായും, ആവശ്യമായ തുടർ നടപടികളും, തീരുമാനങ്ങളും എടുക്കുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.

അതേ സമയം, യു കെയിലും, മറ്റു യൂറോപ്യൻ രാജ്യങ്ങളിലും COVID-19 വൈറസിന്റെ അതിവേഗം പടരുന്ന പുതിയ വകഭേദം കണ്ടെത്തിയ സാഹചര്യം സൂക്ഷ്‌മമായി നിരീക്ഷിച്ച് വരുന്നതായി ഒമാൻ ആരോഗ്യ വകുപ്പ് മന്ത്രി H.E. ഡോ. അഹ്‌മദ്‌ അൽ സൈദി വ്യക്തമാക്കിയിട്ടുണ്ട്.