സെപ്റ്റംബർ 1 മുതൽ ഖത്തറിൽ നടപ്പിലാക്കുന്ന COVID-19 നിയന്ത്രണങ്ങളിലെ നാലാം ഘട്ടത്തിലെ ഇളവുകളുമായി ബന്ധപ്പെട്ട് മാളുകൾ, വ്യാപാര കേന്ദ്രങ്ങൾ എന്നിവയ്ക്കുള്ള സുരക്ഷാ മാനദണ്ഡങ്ങൾ വാണിജ്യ വ്യവസായ മന്ത്രാലയം പുറത്തിറക്കി. നാലാം ഘട്ടത്തിലെ ഇളവുകൾ രണ്ട് ഭാഗങ്ങളായി നടപ്പിലാക്കാൻ തീരുമാനിച്ചതായും, ഇതിന്റെ ആദ്യ ഭാഗം ഇളവുകൾ സെപ്റ്റംബർ 1 മുതൽ ആരംഭിക്കുന്നതാണെന്നും ഖത്തറിലെ സുപ്രീം കമ്മിറ്റി ഫോർ ക്രൈസിസ് മാനേജ്മന്റ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
രാജ്യത്ത് അനുവദിക്കുന്ന ഇളവുകൾ ഫലപ്രദമായി നടപ്പിലാകുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനായാണ് നാലാം ഘട്ടത്തിലെ ഇളവുകൾ രണ്ട് ഭാഗങ്ങളായി നടപ്പിലാക്കുന്നത്.
മാളുകൾക്ക് നൽകിയിട്ടുള്ള സുരക്ഷാ നിർദ്ദേശങ്ങൾ:
- മാളുകളിൽ പ്രവർത്തിക്കുന്ന ഭക്ഷണശാലകൾക്ക് പരമാവധി ശേഷിയുടെ 30% ഉപഭോക്താക്കൾക്ക് സേവനങ്ങൾ നൽകാവുന്നതാണ്.
- മാളുകളിലെ പ്രാർത്ഥനാ മുറികൾ തുറക്കാൻ അനുവാദം നൽകും.
- മാളുകളിൽ പ്രവർത്തിക്കുന്ന സിനിമാ ശാലകൾക്ക് സുരക്ഷാ നിർദ്ദേശങ്ങൾ അനുസരിച്ച്കൊണ്ട് പ്രവർത്തനാനുമതി നൽകും.
- മാളുകളിലേക്കും, മാളുകളിലെ വ്യാപാര സ്ഥാപനങ്ങൾ, ഭക്ഷണശാലകൾ എന്നിവിടങ്ങളിലേക്കും കുട്ടികൾക്ക് പ്രവേശനാനുമതി നൽകും.
- കുട്ടികളുടെ കളിസ്ഥലങ്ങൾ, വിനോദകേന്ദ്രങ്ങൾ മുതലായവ തുറക്കില്ല.
- മാളുകളിലും, വ്യാപാര കേന്ദ്രങ്ങളിലും കലാപരിപാടികൾ, സാംസ്കാരിക സമ്മേളനങ്ങൾ, വിനോദ പരിപാടികൾ എന്നിവ നടത്താൻ അനുവാദമില്ല.
- ഖത്തർ COVID-19 സ്മാർട്ട് ആപ്പിൽ ഗ്രീൻ സ്റ്റാറ്റസ് ഉള്ളവർക്ക് മാത്രമാണ് ഇത്തരം കേന്ദ്രങ്ങളിൽ പ്രവേശനം അനുവദിക്കുന്നത്.
- മെഡിക്കൽ മാസ്കുകൾ ധരിക്കാത്തവർക്ക് പ്രവേശനം നൽകില്ല. മുഴുവൻ സമയവും മാസ്കുകൾ ധരിക്കേണ്ടതാണ്.
- എല്ലാ സന്ദർശകരുടെയും ശരീരോഷ്മാവ് രേഖപെടുത്തുന്നതാണ്.
- സാനിറ്റൈസറുകളുടെ ലഭ്യത ഉറപ്പാക്കണം.
- സമൂഹ അകലം ഓർമ്മപ്പെടുത്തുന്ന അടയാളങ്ങൾ ഒരുക്കണം.
- മാളുകളിൽ പരമാവധി ശേഷിയുടെ 50% പേർക്ക് മാത്രമാണ് പ്രവേശനം നൽകുന്നത്.
- പുകവലി അനുവദിക്കുന്നതല്ല.
- സന്ദർശകരുമായെത്തുന്ന വാഹനങ്ങളിലെ ഡ്രൈവർമാർ മാളുകളുടെ പ്രവേശന കവാടത്തിൽ കൂട്ടം ചേരുന്നത് ഒഴിവാക്കണം.
- വ്യാപാര സ്ഥാപനങ്ങളിലെ 60 വയസിന് മുകളിൽ പ്രായമുള്ളവർ, ഗർഭിണികൾ, വിട്ടുമാറാത്ത ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവർ തുടങ്ങിയ ജീവനക്കാർക്ക് വർക്ക് അറ്റ് ഹോം സൗകര്യം ഏർപ്പെടുത്തണം.
- തുടർച്ചയായി അണുനശീകരണ പ്രവർത്തനങ്ങൾ നടപ്പിലാക്കേണ്ടതാണ്.
- പണമിടപാടുകൾക്കായി ഡിജിറ്റൽ രീതികൾ പ്രോത്സാഹിപ്പിക്കേണ്ടതാണ്.
നാലാം ഘട്ട ഇളവുകളുടെ ഒന്നാം ഭാഗം സെപ്റ്റംബർ 1 മുതൽ നടപ്പിലാക്കിയ ശേഷം, രാജ്യത്തെ സാഹചര്യങ്ങൾ സെപ്റ്റംബർ പകുതിവരെ തുടർച്ചയായി വിശകലനം ചെയ്ത ശേഷം, സുപ്രീം കമ്മിറ്റി ഇളവുകൾ സംബന്ധിച്ച് കൂടുതൽ തീരുമാനങ്ങൾ കൈക്കൊള്ളുന്നതാണ്. ആവശ്യമെങ്കിൽ നിയന്ത്രണങ്ങൾ തിരികെ ഏർപ്പെടുത്തിയ ശേഷം നാലാം ഘട്ട ഇളവുകളുടെ രണ്ടാം ഭാഗം സെപ്റ്റംബർ മൂന്നാമത്തെ ആഴ്ചയുടെ തുടക്കം മുതൽ നടപ്പിലാക്കുന്നതാണ്.