ബഹ്‌റൈനിൽ പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്ന സ്വകാര്യ പരിശീലന കേന്ദ്രങ്ങളിൽ നടപ്പിലാക്കേണ്ടതായ ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ സംബന്ധിച്ച് ലേബർ ആൻഡ് സോഷ്യൽ ഡെവലപ്മെന്റ് മന്ത്രാലയം അറിയിപ്പ് പുറത്തിറക്കി. ഇത്തരം സ്ഥാപനങ്ങളിൽ ഉറപ്പാക്കേണ്ടതായ പ്രാഥമിക സുരക്ഷാ മുൻകരുതലുകൾ അടങ്ങുന്ന നിർദ്ദേശങ്ങൾ ലേബർ ആൻഡ് സോഷ്യൽ ഡെവലപ്മെന്റ് വകുപ്പ് മന്ത്രി ജമീൽ ബിൻ മുഹമ്മദ് അലി ഹുമൈദാനാണ് പുറത്തിറക്കിയത്.
പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്ന ഇത്തരം കേന്ദ്രങ്ങളിലെ അധ്യാപകർ ഉൾപ്പടെയുള്ള ജീവനക്കാർ, വിദ്യാർഥികൾ മുതലായവർ കൊറോണ വൈറസ് വ്യാപനം തടയുന്നതിയനായി ആരോഗ്യ മന്ത്രാലയം നൽകിയിട്ടുള്ള എല്ലാ നിർദ്ദേശങ്ങളും കർശനമായി പാലിക്കേണ്ടതാണ്.
- ഇത്തരം കേന്ദ്രങ്ങളിലെത്തുന്നവരുടെ ശരീരോഷ്മാവ് ദിനവും പരിശോധിക്കേണ്ടതാണ്.
- സമൂഹ അകലം നടപ്പിലാകുന്നതിനുള്ള നടപടികൾ പാലിക്കേണ്ടതാണ്.
- അണുനശീകരണ നടപടികൾ കൈക്കൊള്ളേണ്ടതാണ്.
- ഓരോ ക്ലാസുകളിലും പരമാവധി 10 വിദ്യാർത്ഥികൾക്ക് മാത്രമാണ് അനുവാദം.
- മാസ്കുകൾ നിർബന്ധമാണ്.
- ഇത്തരം കേന്ദ്രങ്ങൾക്കകത്ത് ഭക്ഷണ പാനീയങ്ങൾ അനുവദനീയമല്ല.
നിലവിലെ സാഹചര്യത്തിൽ കഴിയുന്നിടത്തോളം വിദൂര വിദ്യാഭ്യാസ രീതികൾ ഉപയോഗപ്പെടുത്താനും മന്ത്രാലയം ഇത്തരം കേന്ദ്രങ്ങളോട് ആഹ്വാനം ചെയ്തിട്ടുണ്ട്.