COVID-19 വാക്സിനെടുക്കാത്ത 12 വയസിന് താഴെ പ്രായമുള്ള കുട്ടികൾക്ക് രാജ്യത്തെ തുറന്ന ഇടങ്ങളിലെ വിനോദകേന്ദ്രങ്ങളിലേക്കും, വിനോദ പരിപാടികളിലേക്കും പ്രവേശനാനുമതി നൽകിയതായി സൗദി ജനറൽ എന്റർടൈൻമെന്റ് അതോറിറ്റി (GEA) വ്യക്തമാക്കി. ഈ പ്രായവിഭാഗങ്ങൾക്ക് COVID-19 വാക്സിൻ കുത്തിവെപ്പെടുക്കുന്നതിൽ ഇളവുകളുള്ളതിനാലാണ് ഈ തീരുമാനം.
സൗദി പബ്ലിക് ഹെൽത്ത് അതോറിറ്റിയുമായി സംയുക്തമായാണ് GEA ഇക്കാര്യം അറിയിച്ചിട്ടുള്ളത്. COVID-19 സുരക്ഷാ മുന്നൊരുക്കങ്ങളോടെ രാജ്യത്തെ വിനോദ പരിപാടികൾ സംഘടിപ്പിക്കുന്നതിനായുള്ള GEA-യുടെ നയത്തിന്റെ ഭാഗമായാണ് ഈ തീരുമാനം.
ഈ പ്രായവിഭാഗങ്ങളിൽപ്പെടുന്ന കുട്ടികൾക്ക് ഏതാനം നിബന്ധനകളോടെയാണ് ഇത്തരം ഇടങ്ങളിലേക്ക് പ്രവേശനം നൽകുന്നതെന്ന് GEA വ്യക്തമാക്കിയിട്ടുണ്ട്:
- വാക്സിനെടുത്തവരായ മുതിർന്നവരോടൊപ്പം എത്തുന്ന കുട്ടികൾക്കാണ് ഈ തീരുമാനപ്രകാരം പ്രവേശനം അനുവദിച്ചിരിക്കുന്നത്.
- ഇത്തരം കുട്ടികളിൽ പനി, ജലദോഷം, ചുമ മുതലായ രോഗലക്ഷണങ്ങൾ പ്രകടമാക്കുന്നവർക്ക് പ്രവേശനം നൽകുന്നതല്ല.
- കുട്ടികളുടെ Tawakkalna ആപ്പിലെ സ്റ്റാറ്റസ് ‘രോഗബാധിതർ’ എന്നോ, ‘രോഗബാധിതരുമായി സമ്പർക്കത്തിലുള്ളവർ’ എന്നോ ആകരുത്.
എന്നാൽ ഇൻഡോറിലുള്ള വിനോദ പ്രദർശനങ്ങൾ, ചടങ്ങുകൾ എന്നിവയിലേക്ക് കുട്ടികൾക്ക് ഏർപ്പെടുത്തിയിട്ടുള്ള വിലക്കുകൾ തുടരുമെന്നും GEA അറിയിച്ചിട്ടുണ്ട്. ഇത്തരം ഇടങ്ങളിലേക്ക് രോഗമുക്തരായവർ, ഒരു ഡോസെങ്കിലും വാക്സിനെടുത്തവർ എന്നീ വിഭാഗങ്ങൾക്ക് മാത്രമാണ് പ്രവേശനം നൽകുന്നത്.