സൗദി അറേബ്യ: തൊഴിലിടങ്ങളിലെ ആരോഗ്യ ഇൻഷുറൻസ് നയങ്ങളിൽ മാറ്റം വരുത്തി

GCC News

രാജ്യത്തെ തൊഴിലിടങ്ങളിലെ ആരോഗ്യ ഇൻഷുറൻസ് നയങ്ങളിൽ മാറ്റം വരുത്താൻ കൗൺസിൽ ഓഫ് കോഓപ്പറേറ്റീവ് ഹെൽത്ത് ഇൻഷുറൻസ് (CCHI) തീരുമാനിച്ചതായി സൗദി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഈ തീരുമാനപ്രകാരം സൗദിയിലെ തൊഴിലുടമകൾ, തങ്ങളുടെ കീഴിലുള്ള വിദേശി ജീവനക്കാരുടെ രക്ഷിതാക്കൾക്കും, കൂടപ്പിറപ്പുകൾക്കും ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ നിർബന്ധമായി നൽകണം എന്ന നിബന്ധന ഒഴിവാക്കിയിട്ടുണ്ട്.

ഇതോടെ വിദേശി ജീവനക്കാർ തങ്ങളുടെ സ്പോൺസർഷിപ്പിനു കീഴിൽ സൗദിയിലേക്ക് കൊണ്ടുവന്നിട്ടുള്ള രക്ഷിതാക്കൾ, സഹോദരങ്ങൾ മുതലയായവരുടെ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ സ്വയം ഏർപ്പെടുത്തേണ്ടതായി വരുന്നതാണ്. CCHI ഔദ്യോഗിക വക്താവ് ഒത്മൻ അൽ ഖസാബിയെ ഉദ്ധരിച്ച് കൊണ്ടാണ് മാധ്യമങ്ങൾ ഇക്കാര്യം അറിയിച്ചിട്ടുള്ളത്.

സൗദിയിലെ സ്വകാര്യ മേഖലയിലെ തൊഴിലുടമകൾ തങ്ങളുടെ കീഴിലുള്ള സൗദി ജീവനക്കാർക്കും, വിദേശി ജീവനക്കാർക്കും ഇവരുടെ കുടുംബാംഗങ്ങൾക്കും (ഭാര്യ, 25 വയസിനു താഴെ പ്രായമുള്ള ആൺ മക്കൾ, അവിവാഹിതരായ, തൊഴിൽരഹിതരായ പെണ്മക്കൾ) ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ നിർബന്ധമായും നൽകണമെന്നാണ് കോഓപ്പറേറ്റീവ് ഹെൽത്ത് ഇൻഷുറൻസ് നിയമങ്ങൾ അനുശാസിക്കുന്നത്.