സൗദി: വിനോദ കേന്ദ്രങ്ങളിലെ തൊഴിലുകളിൽ സ്വദേശിവത്കരണം നടപ്പിലാക്കുന്നു

featured GCC News

രാജ്യത്തെ വിനോദകേന്ദ്രങ്ങളിലെ വിദേശ ജീവനക്കാരെ ഒഴിവാക്കാനും, പകരം സ്വദേശികളെ നിയമിക്കാനും ലക്ഷ്യമിട്ടുള്ള ഒരു തീരുമാനം നടപ്പിലാക്കുമെന്ന് സൗദി മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സ്സ് ആൻഡ് സോഷ്യൽ ഡവലപ്മെന്റ് (MHRSD) അറിയിച്ചു. 2022 മാർച്ച് 31-നാണ് അധികൃതർ ഇക്കാര്യം അറിയിച്ചത്.

സൗദി പൗരന്മാർക്ക് കൂടുതൽ തൊഴിലവസരങ്ങൾ നൽകുന്നതിനായാണ് ഇത്തരം ഒരു തീരുമാനമെന്ന് MHRSD വകുപ്പ് മന്ത്രി അഹ്‌മദ്‌ അൽ രാജ്‌ഹി അറിയിച്ചു. രാജ്യത്തെ വിനോദകേന്ദ്രങ്ങളിലെ ഏതാണ്ട് എഴുപത് ശതമാനം തൊഴിലുകളിൽ ഇത്തരത്തിൽ സൗദി പൗരന്മാരെ നിയമിക്കുന്നതിനാണ് മന്ത്രാലയം ലക്‌ഷ്യം വെക്കുന്നത്.

2022 സെപ്റ്റംബർ 23 മുതൽ ഈ തീരുമാനം നടപ്പിലാകുമെന്നാണ് നിലവിൽ അറിയിച്ചിരിക്കുന്നത്. ഈ തീരുമാനത്തിന്റെ ഭാഗമായി രാജ്യത്തെ ഇൻഡോർ കൊമേർഷ്യൽ കേന്ദ്രങ്ങളുടെ അകത്ത് പ്രവർത്തിക്കുന്ന വിനോദകേന്ദ്രങ്ങളിൽ സമ്പൂർണ്ണ സ്വദേശിവത്കരണം നടപ്പിലാക്കുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.

ഇത്തരം കേന്ദ്രങ്ങളിലെ ബ്രാഞ്ച് മാനേജർ, ഡിപ്പാർട്മെന്റ് മാനേജർ, ഡിപ്പാർട്മെന്റ് സൂപ്പർവൈസർ, അസിസ്റ്റന്റ് ബ്രാഞ്ച് മാനേജർ, ക്യാഷ് സൂപ്പർവൈസർ, സെയിൽസ്, മാർക്കറ്റിംഗ് തൊഴിലുകളാണ് സ്വദേശിവത്കരിക്കുന്നത്. ശുചീകരണ തൊഴിലുകൾ, ലോഡിങ്ങ് അൺ ലോഡിങ്ങ് തൊഴിലുകൾ, വിനോദ ഉപകരണങ്ങൾ, യന്ത്രങ്ങൾ എന്നിവ പ്രവർത്തിപ്പിക്കുന്ന തൊഴിലുകൾ എന്നിവയെ ഈ തീരുമാനത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.