രാജ്യത്തെ COVID-19 വാക്സിനേഷൻ നടപടികളുടെ ഭാഗമായി, ഒന്നാമത്തെയും, രണ്ടാമത്തെയും ഡോസ് കുത്തിവെപ്പുകൾക്കായി വ്യത്യസ്ത കമ്പനികളുടെ വാക്സിൻ ഉപയോഗിക്കുന്നതിന് സൗദി അറേബ്യ അംഗീകാരം നൽകി. ജൂൺ 23-നാണ് സൗദി ആരോഗ്യ മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.
സൗദി നാഷണൽ സയന്റിഫിക് കമ്മിറ്റി ഫോർ ഇൻഫെക്ഷ്യസ് ഡിസീസിന്റെ അംഗീകാരത്തിന്റെ പശ്ചാത്തലത്തിലാണ് ആരോഗ്യ മന്ത്രാലയം ഈ അനുമതി നൽകിയിരിക്കുന്നത്. ഇതോടെ ആദ്യ ഡോസ് COVID-19 വാക്സിൻ കുത്തിവെപ്പെടുത്തവർക്ക് സൗദി അംഗീകരിച്ചിട്ടുള്ള മറ്റൊരു കമ്പനിയുടെ വാക്സിൻ രണ്ടാം ഡോസായി സ്വീകരിക്കുന്നതിന് ഔദ്യോഗിക അനുമതി ലഭിക്കുന്നതാണ്.
ശാസ്ത്രീയമായ പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ തീരുമാനമെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഇരു ഡോസുകൾക്കുമായി വിവിധ വാക്സിനുകൾ ഫലപ്രദമായും, സുരക്ഷിതമായും ഉപയോഗിക്കാമെന്ന് അന്താരാഷ്ട്ര തലത്തിലുള്ള പഠനങ്ങൾ തെളിയിക്കുന്നതായി ആരോഗ്യ മന്ത്രാലയം ചൂണ്ടിക്കാട്ടി.