സൗദി അറേബ്യ: സാമ്പത്തിക തട്ടിപ്പുകൾക്ക് ഇരയാകുന്നത് ഒഴിവാക്കുന്നതിനായി ഉംറ തീർത്ഥാടകർ ജാഗ്രത പുലർത്തണമെന്ന് ഹജ്ജ് മന്ത്രാലയം

Saudi Arabia

വിവിധ തരത്തിലുള്ള സാമ്പത്തിക തട്ടിപ്പുകൾക്ക് ഇരയാകുന്നത് ഒഴിവാക്കുന്നതിനായി ഉംറ തീർത്ഥാടനത്തിനായെത്തുന്നവർ ജാഗ്രത പാലിക്കാൻ സൗദി ഹജ്ജ് മന്ത്രാലയം മുന്നറിയിപ്പ് നൽകി. 2023 ഏപ്രിൽ 1-നാണ് സൗദി ഹജ്ജ്, ഉംറ മന്ത്രാലയം ഇത് സംബന്ധിച്ച നിർദ്ദേശം നൽകിയത്.

സാമ്പത്തിക തട്ടിപ്പുകൾക്ക് ഇരയാകുന്നത് ഒഴിവാക്കുന്നതിനായി ഉംറ തീർത്ഥാടകർ താഴെ പറയുന്ന നിർദ്ദേശങ്ങൾ പാലിക്കാൻ മന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്:

  • ബാങ്കിങ്ങ് ആവശ്യങ്ങൾക്കുള്ള ആപ്പുകൾ ഔദ്യോഗിക സ്രോതസ്സുകളിൽ നിന്ന് മാത്രം ഡൌൺലോഡ് ചെയ്യേണ്ടതാണ്.
  • ബാങ്ക് അക്കൗണ്ട് സംബന്ധിച്ച വിവരങ്ങൾ, ബാങ്ക് കാർഡ് വിവരങ്ങൾ എന്നിവ അറിയാത്തവരുമായി പങ്ക് വെക്കരുത്.
  • അറിയാത്തവർക്ക് ഓൺലൈൻ മാർഗങ്ങളിലൂടെ പണം അയക്കരുത്.
  • വിശ്വസനീയമല്ലാത്ത സ്രോതസ്സുകളിൽ നിന്ന് ലഭിക്കുന്ന എസ് എം എസ് സന്ദേശങ്ങൾ, അവയിൽ ഉൾക്കൊള്ളിച്ചിട്ടുള്ള ലിങ്കുകൾ എന്നിവ അവഗണിക്കേണ്ടതാണ്.
  • തട്ടിപ്പിന് ഇരയായതായി സംശയിക്കുന്നവർ ആ വിവരം ഉടൻ തന്നെ അധികൃതരെയും, നിങ്ങളുടെ ബാങ്കിനെയും അറിയിക്കേണ്ടതാണ്. തട്ടിപ്പ് മുൻനിർത്തിയുള്ളതെന്ന് സംശയിക്കുന്ന സന്ദേശങ്ങൾ ലഭിക്കുന്നവർക്ക് ആ സന്ദേശം 330330 എന്ന നമ്പറിലേക്ക് ഫോർവേഡ് ചെയ്ത് കൊണ്ട് റിപ്പോർട്ട് ചെയ്യാവുന്നതാണ്.
  • പണമിടപാടുകൾ നടത്തുന്നതിനും, വിദേശ കറൻസി മാറ്റി എടുക്കുന്നതിനും ലൈസൻസുകൾ ഉള്ള വിശ്വസനീയമായ ബാങ്കുകളെയും, കറൻസി എക്സ്ചേഞ്ച് സർവീസ് സ്ഥാപനങ്ങളെയും മാത്രം ആശ്രയിക്കേണ്ടതാണ്.
  • സൗദി അറേബ്യയിൽ പണമിടപാടുകൾ നടത്തുന്നവർ, അവരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി ഇതുമായി ബന്ധപ്പെട്ട എല്ലാ രസീതുകളും (പേപ്പർ, ഡിജിറ്റൽ ഉൾപ്പടെ) സൂക്ഷിച്ച് വെക്കേണ്ടതാണ്.