കൊറോണ വൈറസിനെതിരായ പോരാട്ടത്തിൽ ഇന്ത്യയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സൗദി അറേബ്യ

featured GCC News

COVID-19 രോഗവ്യാപനം രൂക്ഷമായി തുടരുന്ന ഭാരതത്തിന് പൂർണ്ണമായ ഐക്യദാർഢ്യവും, പിന്തുണയും പ്രഖ്യാപിച്ച് സൗദി അറേബ്യ. COVID-19 പ്രതിരോധ പ്രവർത്തനങ്ങളിൽ ഇന്ത്യയ്ക്ക് എല്ലാ പിന്തുണയും, സഹായങ്ങളും സൗദി വിദേശകാര്യ വകുപ്പ് മന്ത്രി H.E. പ്രിൻസ് ഫൈസൽ ബിൻ ഫർഹാൻ വാഗ്ദാനം ചെയ്തു.

ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. എസ് ജയ്‌ശങ്കറുമായി മെയ് 12, ബുധനാഴ്ച്ച നടന്ന ഔദ്യോഗിക ഫോൺ സംഭാഷണത്തിലാണ് പ്രിൻസ് ഫൈസൽ ബിൻ ഫർഹാൻ ഭാരതത്തിന് എല്ലാ പിന്തുണയും അറിയിച്ചത്. നിലവിലെ സാഹചര്യങ്ങളിൽ നിന്ന് ഇന്ത്യ എത്രയും വേഗം കരകയറുന്നതിന് ആവശ്യമായ എല്ലാ പിന്തുണയും, ഐക്യദാർഢ്യവും അദ്ദേഹം വാഗ്ദാനം ചെയ്തു. തുടർന്ന് ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങളും, മേഖലയിലെ സ്ഥിതിഗതികളും ഇരുവരും ചർച്ച ചെയ്തു.

സൗദി മുന്നോട്ട് വെച്ചിട്ടുള്ള എല്ലാ സഹായങ്ങൾക്കും ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. എസ് ജയ്‌ശങ്കർ നന്ദി രേഖപ്പെടുത്തി.

Photo: Saudi Press Agency