സൗദി അറേബ്യ സന്ദർശിക്കാൻ ആഗ്രഹിക്കുന്ന, ജിസിസി രാജ്യങ്ങളിലെ മുഴുവൻ പ്രവാസികൾക്കും, അവരുടെ തൊഴിൽപദവി കണക്കാക്കാതെ തന്നെ ടൂറിസ്റ്റ് വിസകൾക്ക് അപേക്ഷിക്കാൻ അനുമതി നൽകുമെന്ന് ടൂറിസം മന്ത്രാലയം അറിയിച്ചു. 2023 മാർച്ച് 9-ന് വൈകീട്ടാണ് സൗദി മിനിസ്ട്രി ഓഫ് ടൂറിസം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
ജിസിസി രാജ്യങ്ങളിൽ സാധുതയുള്ള റെസിഡൻസി വിസകളിലുള്ള മുഴുവൻ പ്രവാസികൾക്കും (അവരുടെ തൊഴിൽപദവി കണക്കിലെടുക്കാതെ) ‘വിസിറ്റ് സൗദി’ സംവിധാനത്തിലൂടെ ഇലക്ട്രോണിക് ടൂറിസം വിസയ്ക്ക് അപേക്ഷിക്കുന്നതിനാണ് അനുമതി നൽകിയിരിക്കുന്നത്. നേരത്തെ ഏതാനം തൊഴിൽപദവികളിലുള്ള പ്രവാസികൾക്ക് മാത്രമാണ് ഇത്തരം ഇ-വിസകൾക്ക് അപേക്ഷിക്കുന്നതിന് അനുമതി നൽകിയിരുന്നത്.
https://www.visitsaudi.com/en/travel-regulations എന്ന വിലാസത്തിൽ ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ മന്ത്രാലയം നൽകിയിട്ടുണ്ട്.
ഇത്തരം വിസകൾ ഉപയോഗിച്ച് കൊണ്ട് സൗദി അറേബ്യയിലേക്ക് പ്രവേശിക്കുന്നവർക്ക് ഉംറ അനുഷ്ഠിക്കുന്നതിനും, വിനോദസഞ്ചാരകേന്ദ്രങ്ങൾ സന്ദർശിക്കുന്നതിനും അനുമതിയുണ്ടെന്ന് ടൂറിസം വകുപ്പ് മന്ത്രി അഹ്മദ് അൽ ഖത്തീബ് വ്യക്തമാക്കിയിട്ടുണ്ട്.
ഇത്തരം വിസകൾക്ക് അപേക്ഷിക്കുന്നതുമായി ബന്ധപ്പെട്ട നിബന്ധനകൾ:
- ചുരുങ്ങിയത് പതിനെട്ട് വയസ് തികഞ്ഞിരിക്കണം. 18 വയസിന് താഴെ പ്രായമുളളവർക്ക് ഇത്തരം വിസ ലഭിക്കുന്നതിനായി മാതാപിതാക്കൾ ആദ്യം ഇത്തരം വിസയ്ക്ക് അപേക്ഷിക്കേണ്ടതാണ്.
- ഇത്തരം വിസയ്ക്ക് അപേക്ഷിക്കുന്ന പ്രവാസിയ്ക്ക് ചുരുങ്ങിയത് ആറ് മാസത്തെ സാധുതയുള്ള പാസ്സ്പോർട്ട്, ഏതെങ്കിലും ജിസിസി രാജ്യത്ത് ചുരുങ്ങിയത് മൂന്ന് മാസത്തെ സാധുതയെങ്കിലും ബാക്കിയുള്ള റെസിഡൻസി ഐഡി/ പെർമിറ്റ് എന്നിവ നിർബന്ധമാണ്.
- ഇത്തരം വിസകളിൽ സൗദി അറേബ്യയിലേക്ക് പ്രവേശിച്ച ശേഷം ഉംറ അനുഷ്ഠിക്കുന്നതിന് ആഗ്രഹിക്കുന്നവർക്ക് ഹജ്ജ് സീസണിൽ ഒഴികെ ഇതിനുള്ള അനുമതി ലഭിക്കുന്നതാണ്.
- കുടുംബത്തോടൊപ്പം (അടുത്ത ബന്ധുക്കൾക്ക് മാത്രം) സൗദി അറേബ്യ സന്ദർശിക്കാൻ ആഗ്രഹിക്കുന്നവർ ഓരോ കുടുംബാംഗത്തിന് വേണ്ടിയും പ്രത്യേക വിസ അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്. ഇത്തരം കുടുംബാംഗങ്ങൾക്ക് ജി സി സി റെസിഡൻസി വിസയുള്ള അപേക്ഷകന്റെ കൂടെ ഒരുമിച്ച് മാത്രമാണ് സൗദി അറേബ്യയിലേക്ക് പ്രവേശനം അനുവദിക്കുന്നത്.
ഇത്തരം ടൂറിസ്റ്റ് വിസകളുമായി ബന്ധപ്പെട്ട മറ്റു വിവരങ്ങൾ:
- ഇത്തരം ഇ-വിസകൾക്ക് 300 സൗദി റിയാലാണ് ഈടാക്കുന്നത്. ഇതിന് പുറമെ സന്ദർശകർക്ക് സമ്പൂർണ്ണ ആരോഗ്യ ഇൻഷുറൻസ് നിർബന്ധമാണ്.
- ഇത്തരം മൾട്ടി-എൻട്രി വിസകളുടെ സാധുത, വിസ അനുവദിച്ച തീയതി മുതൽ ഒരു വർഷത്തേക്കാണ്. മൾട്ടി-എൻട്രി വിസകളിൽ സൗദി അറേബ്യയിലേക്ക് പ്രവേശിക്കുന്നവർക്ക് പരമാവധി 90 ദിവസം വരെ രാജ്യത്ത് തുടരാൻ അനുമതിയുണ്ട്.
- ഇത്തരം സിംഗിൾ-എൻട്രി വിസകളുടെ സാധുത, വിസ അനുവദിച്ച തീയതി മുതൽ മൂന്ന് മാസത്തേക്കാണ്. സിംഗിൾ-എൻട്രി വിസകളിൽ സൗദി അറേബ്യയിലേക്ക് പ്രവേശിക്കുന്നവർക്ക് പരമാവധി 30 ദിവസം വരെ രാജ്യത്ത് തുടരാൻ അനുമതിയുണ്ട്.
- ഇത്തരം വിസ അപേക്ഷകൾക്ക് നൽകുന്ന ഫീസ് റീഫണ്ട് ചെയ്യുന്നതല്ല.