വിദേശികളെ വിവാഹം ചെയ്തിട്ടുള്ള സൗദി വനിതകളുടെ കുട്ടികൾക്ക് ഉപാധികളോടെ പൗരത്വം അനുവദിക്കാൻ സൗദി അറേബ്യ തീരുമാനിച്ചു. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ഇതിനായി പൗരത്വ നിയമത്തില്‍ ഭേദഗതി വരുത്തിക്കൊണ്ട് സൗദി രാജാവ് കിംഗ് സൽമാൻ ബിൻ അബ്ദുൽ അസീസ് ഒരു ഔദ്യോഗിക ഉത്തരവ് പുറത്തിറക്കി. ഈ ഉത്തരവ് പ്രകാരം, വിദേശികളെ വിവാഹം ചെയ്തിട്ടുള്ള സൗദി വനിതകളുടെ കുട്ടികൾക്ക് പതിനെട്ട് വയസ് തികയുന്നതോടെ സൗദി പൗരത്വത്തിന് അപേക്ഷിക്കുന്നതിന് അവകാശം നൽകിയിട്ടുണ്ട്. സൗദി പൗരത്വ നിയമത്തിലെ ആർട്ടിക്കിൾ 8 ഭേദഗതി ചെയ്തു കൊണ്ടാണ് ഇത് നടപ്പിലാക്കുന്നത്.
വിദേശികളെ വിവാഹം ചെയ്തിട്ടുള്ള സൗദി വനിതകളുടെ കുട്ടികൾക്കും, ഈ കുട്ടികളുടെ പിതാവിനും ഏതാനം വ്യവസ്ഥകൾ പാലിച്ച് കൊണ്ടാണ് പൗരത്വത്തിന് അപേക്ഷിക്കാൻ അനുമതി നൽകിയിരിക്കുന്നത്. ഇത്തരം കുട്ടികൾക്ക് അവർ പതിനെട്ട് വയസാകുന്നതോടെ സൗദി അറേബ്യയിൽ സ്ഥിരം താമസം, നല്ല സ്വഭാവം, മികച്ച വ്യക്തിത്വം, അറബിക് ഭാഷയിൽ പ്രാവീണ്യം, അനുചിതമായ പെരുമാറ്റങ്ങൾക്ക് ശിക്ഷ ലഭിച്ചിരിക്കരുത് തുടങ്ങിയ വിവിധ വ്യവസ്ഥകൾ പ്രകാരമാണ് പൗരത്വം അനുവദിക്കുന്നത്.
Cover Image: Saudi Press Agency.