രാജ്യത്തെ മരുഭൂമീകരണം തടയുന്നതിനും, സസ്യജാലങ്ങളെ സംരക്ഷിക്കുന്നതിനുമുള്ള കൂടുതൽ നടപടികൾ കൈക്കൊള്ളുന്നതായി സൗദി അധികൃതർ വ്യക്തമാക്കി. ഇതിനായി സൗദിയിലെ പ്രകൃതി സംരക്ഷിത മേഖലകളിലെ പച്ചപ്പാർന്ന പ്രദേശങ്ങളുടെ വിസ്തൃതി കൂട്ടുന്നതിനായുള്ള നടപടികൾ ആരംഭിച്ചതായി അധികൃതർ അറിയിച്ചിട്ടുണ്ട്.
സൗദിയിലെ സസ്യജാലങ്ങളെയും, ജൈവവൈവിധ്യവും സംരക്ഷിക്കുന്നതിനായി ഇമാം തുർക്കി ബിൻ അബ്ദുല്ല റോയൽ റിസേർവ് ഡവലപ്മെന്റ് അതോറിറ്റി (ITBA), നാഷണൽ സെന്റർ ഫോർ വെജിറ്റേഷൻ കവർ എന്നിവർ ഒരു ധാരണാപത്രത്തിൽ ഒക്ടോബർ 13-ന് ഒപ്പ് വെച്ചിട്ടുണ്ട്. രാജ്യത്തെ സസ്യജാലങ്ങളെ സംരക്ഷിക്കുന്നതിലൂടെ ഈ റിസർവ് പ്രദേശത്തെ ആഗോളതലത്തിൽ തന്നെ ശ്രദ്ധയാകർഷിക്കുന്ന ഒരിടമാക്കി മാറ്റുന്നതിനും, മികച്ച ഒരു ഇക്കോടൂറിസം കേന്ദ്രമാക്കി ഉയർത്തുന്നതിനുമുള്ള നടപടികളുടെ ബാക്കിയാണ് ഈ ധാരണാപത്രമെന്ന് ITBA അതോറിറ്റി സി ഇ ഓ മുഹമ്മദ് അൽ ഷാലൻ വ്യക്തമാക്കി.
പ്രകൃതിസൗന്ദര്യം, പൈതൃകം എന്നിവയാൽ സമ്പന്നമായ ഈ റിസർവ് പ്രദേശത്തെ, പ്രാദേശിക ജനതയെ കൂടി ഉൾപ്പെടുത്തിക്കൊണ്ട്, മികച്ച ഒരു ഇക്കോടൂറിസം കേന്ദ്രമാക്കി തീർക്കുന്നതിന് അതോറിറ്റി ലക്ഷ്യമിടുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ മാസം നടക്കാനിരിക്കുന്ന ‘സൗദി ഗ്രീൻ ഇനീഷിയേറ്റീവ് ഫോറം’, ‘മിഡിൽ ഈസ്റ്റ് ഗ്രീൻ ഇനീഷിയേറ്റീവ് സമ്മിറ്റ്’ എന്നിവയുടെ പശ്ചാത്തലത്തിൽ കൂടിയാണ് ഈ ധാരണാപത്രത്തിൽ ഒപ്പ് വെച്ചിരിക്കുന്നതെന്ന് അദ്ദേഹം അറിയിച്ചു.
2018-ലാണ് ഇമാം തുർക്കി ബിൻ അബ്ദുല്ല റോയൽ റിസേർവ് സ്ഥാപിച്ചത്. ഏതാണ്ട് 91500 സ്ക്വയർ കിലോമീറ്റർ വിസ്തൃതിയുള്ള ഈ നേച്ചർ റിസർവ് റിയാദിന് വടക്ക് ഭാഗത്തായാണ് സ്ഥിതി ചെയ്യുന്നത്. ഈ റിസർവിൽ 120-ൽ പരം സസ്യവര്ഗ്ഗങ്ങളുടെയും, അറുപതിലധികം ജന്തുവര്ഗ്ഗങ്ങളുടെയും സാന്നിദ്ധ്യമുണ്ട്. അറേബ്യൻ വുൾഫ്, സ്പൈനി ടെയിൽ ലിസാർഡ് തുടങ്ങിയ ജീവികളെ ഇവിടെ കാണാവുന്നതാണ്.