സൗദി അറേബ്യ: ബിൽബോർഡ് നിയമങ്ങൾ കൂടുതൽ കർശനമാക്കാൻ തീരുമാനം

GCC News

റോഡ് സുരക്ഷ മുൻനിർത്തി ബിൽബോർഡ് നിയമങ്ങൾ കൂടുതൽ കർശനമാക്കാൻ സൗദി അറേബ്യ തീരുമാനിച്ചു. സൗദി റോഡ്സ് ജനറൽ അതോറിറ്റിയാണ് ഈ തീരുമാനം കൈക്കൊണ്ടിട്ടുള്ളത്.

രാജ്യത്തെ റോഡുകൾ ഉപയോഗിക്കുന്നവരുടെ സുരക്ഷ, പരിസ്ഥിതി സംരക്ഷണം എന്നിവ ലക്ഷ്യമിട്ടാണ് ഈ തീരുമാനം. ഇതിന്റെ ഭാഗമായി റോഡുകളിൽ ബിൽബോർഡുകൾ സ്ഥാപിക്കുന്നതിനുള്ള പുതിയ നിയമങ്ങൾ സൗദി റോഡ്സ് ജനറൽ അതോറിറ്റി പ്രഖ്യാപിച്ചിട്ടുണ്ട്.

ബിൽബോർഡുകൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് സൗദി അറേബ്യ പ്രഖ്യാപിച്ചിട്ടുള്ള പുതിയ നിയമങ്ങൾ:

  • ട്രാഫിക് തടസപ്പെടുത്താത്തതും, റോഡ് ഉപയോഗിക്കുന്നവർക്ക് സുരക്ഷാ ഭീഷണി ഉയർത്തുന്നതുമല്ലാത്തതുമായ സുരക്ഷിത ഇടങ്ങളിൽ മാത്രമാണ് ബിൽബോർഡുകൾ സ്ഥാപിക്കുന്നതിന് അനുമതി.
  • ഇത്തരം ബോർഡുകൾ നിർമ്മിക്കുന്നതിനായി പരിസ്ഥിതിയ്ക്ക് ഇണങ്ങിയതും, ഉയർന്ന നിലവാരത്തിലുള്ളതുമായ വസ്തുക്കൾ ഉപയോഗിക്കേണ്ടതാണ്.
  • ഡ്രൈവർമാരുടെ ശ്രദ്ധ വ്യതിചലിപ്പിക്കുന്നതിന് ഇടയാക്കുന്നതും, റോഡിലെ കാഴ്ച മറയ്ക്കുന്നതുമായ തരത്തിൽ രൂപകൽപ്പന ചെയ്തിട്ടുള്ള ഇത്തരം ബോർഡുകൾ അനുവദിക്കുന്നതല്ല.
  • ഡ്രൈവർമാരുടെ കാഴ്ചയ്ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന കണ്ണഞ്ചിപ്പിക്കുന്ന ലൈറ്റുകൾ ഇത്തരം ബോർഡുകളിൽ സ്ഥാപിക്കുന്നതിന് അനുമതിയില്ല. ലൈറ്റിംഗ് ആവശ്യങ്ങൾക്കായി പ്രകൃതിയോടു ഇണങ്ങിയ സാങ്കേതികവിദ്യകൾ ഉപയോഗിക്കുന്ന ലൈറ്റുകൾ സ്ഥാപിക്കേണ്ടതാണ്.

സൗദി റോഡ് കോഡിന്റെ ഭാഗമായുള്ള ഈ നിയമങ്ങൾ ഈ വർഷം അവസാനം വരെ മാർഗനിർദ്ദേശങ്ങൾ എന്ന രീതിയിലാണ് നടപ്പിലാക്കുന്നത്. എന്നാൽ 2025 തുടക്കം മുതൽ സൗദി സർക്കാർ സ്ഥാപനങ്ങൾക്കും, 2025 പകുതി മുതൽ സ്വകാര്യ സ്ഥാപനങ്ങൾക്കും ഈ നിബന്ധനകൾ കർശനമായും ബാധകമാകുന്നതാണ്.