സൗദി: സ്വകാര്യ മേഖലയിലെ കൂടുതൽ തൊഴിലുകളിൽ സ്വദേശിവത്കരണം നടപ്പിലാക്കി

GCC News

രാജ്യത്തെ സ്വകാര്യ മേഖലയിലെ കൂടുതൽ തൊഴിലുകളിൽ സ്വദേശിവത്കരണം നടപ്പിലാക്കുന്ന നടപടികൾ സൗദി അറേബ്യയിൽ 2022 മെയ് 8 മുതൽ ആരംഭിച്ചു. സ്വകാര്യ മേഖലയിലെ നാല് പ്രധാന തൊഴിലുകളിലാണ് സൗദി മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സ്സ് ആൻഡ് സോഷ്യൽ ഡെവലപ്മെന്റ് സ്വദേശിവത്കരണം നടപ്പിലാക്കിയിരിക്കുന്നത്.

സ്വകാര്യ മേഖലയിൽ സെക്രട്ടറി, ട്രാൻസ്ലേറ്റർ, സ്റ്റോർ കീപ്പർ, ഡാറ്റ എൻട്രി ഓപ്പറേറ്റർ എന്നീ തൊഴിൽ പദവികളിലാണ് മന്ത്രാലയം സ്വദേശിവത്കരണം നടപ്പിലാക്കിയിരിക്കുന്നത്. രാജ്യത്തുടനീളമുള്ള സ്വകാര്യ മേഖലാ സ്ഥാപനങ്ങളിൽ ഈ തീരുമാനം നടപ്പിലാകുന്നതാണ്.

ഈ നടപടിയിലൂടെ ഏതാണ്ട് ഇരുപതിനായിരത്തോളം സൗദി പൗരന്മാർക്ക് തൊഴിൽ നൽകുന്നതിനാണ് മന്ത്രാലയം ലക്ഷ്യമിടുന്നത്. കഴിഞ്ഞ വർഷം ഒക്ടോബറിലാണ് മന്ത്രാലയം ഇത് സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്.