രണ്ട് മണിക്കൂർ കൊണ്ട് കസ്റ്റംസ് ക്ലീയറൻസ് നടത്തുന്നതിനുള്ള ഒരു പ്രത്യേക പദ്ധതി രാജ്യത്തെ എല്ലാ പ്രവേശന കവാടങ്ങളിലും നടപ്പിലാക്കാൻ ആരംഭിച്ചതായി സൗദി സകാത്, ടാക്സ് ആൻഡ് കസ്റ്റംസ് അതോറിറ്റി (ZATCA) അറിയിച്ചു. 2023 ജനുവരി 22-നാണ് ZATCA ഇക്കാര്യം അറിയിച്ചത്.
ഈ പദ്ധതിയ്ക്ക് സൗദി അറേബ്യയുടെ എല്ലാ കര, കടൽ, വ്യോമ പ്രവേശനകവാടങ്ങളിലും തുടക്കമിട്ടതായി ZATCA അറിയിച്ചു. ആഗോള ചരക്ക് ഗതാഗതത്തിന്റെ പ്രധാന കേന്ദ്രമായി സൗദി അറേബ്യയെ മാറ്റുന്നതിനുള്ള നയങ്ങളുടെ ഭാഗമായാണ് ഈ പദ്ധതി.
ഇന്റർനാഷണൽ കസ്റ്റംസ് ഡേ ആഘോഷങ്ങളുമായി ബന്ധപ്പെട്ട് റിയാദിൽ വെച്ച് ടാക്സ് ആൻഡ് കസ്റ്റംസ് അതോറിറ്റി ഗവർണർ എൻജിനീയർ സുഹൈൽ അബാൻമിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഒരു ചടങ്ങിലാണ് ZATCA ഇക്കാര്യം പ്രഖ്യാപിച്ചത്. ബന്ധപ്പെട്ട വിവിധ വകുപ്പുകളുടെ പ്രതിനിധികളും ഈ ചടങ്ങിൽ പങ്കെടുത്തു.
ഈ പദ്ധതി നടപ്പിലാക്കുന്നതിനായി ബന്ധപ്പെട്ട എല്ലാ വകുപ്പുകളും തമ്മിൽ മികച്ച രീതിയിലുള്ള സഹകരണം ആവശ്യമാണെന്നും, ഇതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കിയതായും സുഹൈൽ അബാൻമി ചടങ്ങിൽ വെളിപ്പെടുത്തി. ഈ പദ്ധതി രാജ്യത്തിന്റെ ചരക്ക് ഗതാഗത മേഖലയെ ഏറെ ശക്തമാക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
Cover Image: Saudi Press Agency.