സൗദി അറേബ്യ: ലൈസൻസ് കൂടാതെ പെട്രോളിയം ഉത്പന്നങ്ങൾ കയറ്റുമതി ചെയ്യുന്നവർക്ക് തടവ് ശിക്ഷ

GCC News

രാജ്യത്ത് നിന്ന് ലൈസൻസ് കൂടാതെ പെട്രോളിയം ഉത്പന്നങ്ങൾ കയറ്റുമതി ചെയ്യുന്നവർക്ക് കടുത്ത ശിക്ഷാ നടപടികൾ നേരിടേണ്ടി വരുമെന്ന് സൗദി അധികൃതർ വ്യക്തമാക്കി. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ജനുവരി 7-ന് സൗദി കൗൺസിൽ ഓഫ് മിനിസ്റ്റേഴ്‌സ് അംഗീകാരം നൽകിയിട്ടുള്ള പുതിയ പെട്രോളിയം ആൻഡ് പെട്രോകെമിക്കൽ നിയമങ്ങൾ പ്രകാരമാണിത്. ഇത് പ്രകാരം സൗദി അറേബ്യയിൽ പെട്രോളിയം, പെട്രോകെമിക്കൽ ഉത്പന്നങ്ങളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിലേർപ്പെടുന്നതിന് പ്രത്യേക ലൈസൻസ് നിർബന്ധമാണ്.

പെട്രോകെമിക്കൽ ഉത്പാദനവുമായി ബന്ധപ്പെട്ട സംവിധാനങ്ങളൊരുക്കുന്നതിന് ആവശ്യമായ ലൈസൻസുകൾ, അംഗീകാരങ്ങൾ എന്നിവ അനുവദിക്കപ്പെടുന്നതിന് മുന്നോടിയായി സൗദി മിനിസ്ട്രി ഓഫ് എനർജിയിൽ നിന്നുള്ള ഔദ്യോഗിക അംഗീകാരം നിർബന്ധമാണെന്നും ഈ നിയമം വ്യവസ്ഥ ചെയ്യുന്നു.

സൗദി അറേബ്യയിൽ നിലവിലുണ്ടായിരുന്ന പെട്രോളിയം പ്രോഡക്റ്റ്സ് ട്രേഡ് നിയമത്തിന് പകരമായാണ് ഈ പുതിയ നിയമം പ്രാബല്യത്തിൽ വന്നിരിക്കുന്നത്. പുതിയ നിയമപ്രകാരം പെട്രോളിയം വാങ്ങുന്നതും, വിൽക്കുന്നതും ആഗോള വിപണിയിലെ വില അനുസരിച്ചായിരിക്കണം എന്ന് വ്യവസ്ഥ ചെയ്തിട്ടുണ്ട്.

രാജ്യത്ത് നിന്ന് ലൈസൻസ് കൂടാതെ വില്പനനയ്ക്കുള്ള പെട്രോളിയം ഉത്പന്നങ്ങൾ കയറ്റുമതി ചെയ്യുന്നവർക്ക് അഞ്ച് വർഷം വരെ തടവും, മുപ്പത് മില്യൺ റിയാൽ വരെ പിഴയും (അല്ലെങ്കിൽ പിടിച്ചെടുത്ത സമയത്തെ പെട്രോളിയം ഉത്പന്നത്തിന്റെ ആഗോള വിലയുടെ രണ്ടിരട്ടി തുക) ശിക്ഷയായി ലഭിക്കുന്നതാണ്.