രാജ്യത്ത് നിക്ഷേപം നടത്തുന്നതിന് താത്പര്യമുള്ള വിദേശ നിക്ഷേപകരെ ലക്ഷ്യമിട്ട് പ്രത്യേക ‘വിസിറ്റിംഗ് ഇൻവെസ്റ്റർ’ ബിസിനസ് ഇ-വിസ അവതരിപ്പിക്കുന്നതായി സൗദി മിനിസ്ട്രി ഓഫ് ഇൻവെസ്റ്റ്മെന്റ് അറിയിച്ചു. 2023 ജൂൺ 8-നാണ് മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.
സൗദി മിനിസ്ട്രി ഓഫ് ഫോറിൻ അഫയേഴ്സുമായി സഹകരിച്ചാണ് മിനിസ്ട്രി ഓഫ് ഇൻവെസ്റ്റ്മെന്റ് ഇത്തരം വിസകൾ അനുവദിക്കുന്നത്.
സൗദി അറേബ്യയിലെ നിക്ഷേപ സാഹചര്യങ്ങൾ വിലയിരുത്തുന്നതിന് ആഗ്രഹമുള്ള നിക്ഷേപരെ രാജ്യത്തേക്ക് ആകർഷിക്കുന്നതിനായാണ് ഇത്തരം വിസകൾ അവതരിപ്പിക്കുന്നത്. വിസകൾ അനുവദിക്കുന്നതിനുള്ള സൗദി യൂണിഫൈഡ് നാഷണൽ പ്ലാറ്റ്ഫോമിലൂടെ ലഭ്യമാക്കുന്നതാണ് ഈ ഇലക്ട്രോണിക് വിസകൾ.
വിദേശ നിക്ഷേപകർക്ക് ചുരുങ്ങിയ നടപടിക്രമങ്ങളിലൂടെ ഇത്തരം വിസകൾക്ക് ഓൺലൈനായി അപേക്ഷിക്കുന്നതിനും, വിസ നേടുന്നതിനും ഈ സംവിധാനത്തിലൂടെ അവസരം ലഭിക്കുന്നു. ഇത്തരം വിസാ അപേക്ഷകളിലെ നടപടിക്രമങ്ങൾ ത്വരിത വേഗതയിലായിരിക്കുമെന്നും, വിസ ഇലക്ട്രോണിക് മാർഗങ്ങളിലൂടെയായിരിക്കും നൽകുന്നതെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
ആദ്യ ഘട്ടത്തിൽ ഏതാനം രാജ്യങ്ങളിൽ നിന്നുള്ള നിക്ഷേപകർക്ക് മാത്രമാണ് ‘വിസിറ്റിംഗ് ഇൻവെസ്റ്റർ’ വിസകൾ അനുവദിക്കുന്നതെന്നാണ് ലഭിക്കുന്ന സൂചന. എന്നാൽ ഏതെല്ലാം രാജ്യങ്ങളിൽ നിന്നുള്ളവർക്കാണ് ആദ്യ ഘട്ടത്തിൽ ഇവ അനുവദിക്കുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടില്ല.
തുടർന്നുള്ള ഘട്ടങ്ങളിൽ ‘വിസിറ്റിംഗ് ഇൻവെസ്റ്റർ’ വിസകൾ കൂടുതൽ രാജ്യങ്ങളിൽ നിന്നുള്ള നിക്ഷേപകർക്ക് കൂടി ലഭ്യമാക്കുന്ന രീതിയിൽ ഈ പദ്ധതി വിപുലീകരിക്കുമെന്നും മന്ത്രാലയത്തിലെ സ്രോതസുകൾ സൂചിപ്പിച്ചിട്ടുണ്ട്.
Cover Image: @MISA.