COVID-19 മഹാമാരിയുടെ വ്യാപനം തടയുന്നതിലും, മഹാമാരിയെ നേരിടുന്നതിലും നിർണ്ണായകമായ ഒരു ഘട്ടത്തിലൂടെയാണ് രാജ്യം നിലവിൽ കടന്ന് പോകുന്നതെന്ന് സൗദി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. 2022 ജനുവരി 16, ഞായറാഴ്ച്ച നടന്ന പ്രത്യേക പത്രസമ്മേളനത്തിൽ സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് ഡോ. മുഹമ്മദ് അൽ അബ്ദ് അൽ അലിയാണ് ഇക്കാര്യം അറിയിച്ചത്.
നിലവിൽ രാജ്യത്ത് ദൃശ്യമാകുന്ന ഉയർന്ന രോഗബാധ കൊറോണാ വൈറസിന്റെ ഒമിക്രോൺ വകഭേദം മൂലമുണ്ടാകുന്നതാണെന്നും അദ്ദേഹം അറിയിച്ചു. തീവ്രവ്യാപനം മൂലം 2022 ആരംഭിച്ചത് മുതൽ പ്രതിദിന രോഗബാധിതരുടെ എണ്ണം ഇരട്ടിയിൽ കൂടുതലായതായും അദ്ദേഹം കൂട്ടിച്ചേർത്തു.
COVID-19 മഹാമാരിയെ പിടിച്ച് നിർത്തുന്നതിൽ പൊതുജനങ്ങൾ ബൂസ്റ്റർ ഡോസ് ഉൾപ്പടെയുള്ള വാക്സിൻ കുത്തിവെപ്പുകൾ സ്വീകരിക്കേണ്ടത് ഏറെ പ്രധാനമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതോടൊപ്പം മാസ്കുകളുടെ ഉപയോഗം, കൈകളുടെ ശുചിത്വം, സാമൂഹിക അകലം തുടങ്ങിയ മുൻകരുതൽ നടപടികൾ പാലിക്കാൻ അദ്ദേഹം ജനങ്ങളോട് ആഹ്വാനം ചെയ്തു.
COVID-19 വാക്സിൻ സ്വീകരിക്കുന്നത് രോഗബാധിതരിൽ ആശുപത്രി ചികിത്സ ഒഴിവാക്കുന്നതിന് ഏറെ സഹായകമാണെന്ന് കഴിഞ്ഞ ദിവസം സൗദി ആരോഗ്യ മന്ത്രാലയം ചൂണ്ടിക്കാട്ടിയിരുന്നു. ബൂസ്റ്റർ ഡോസ് കുത്തിവെപ്പുകൾ സ്വീകരിച്ചവരുമായി താരതമ്യം ചെയ്യുമ്പോൾ വാക്സിനെടുക്കാത്തവർക്ക് COVID-19 രോഗബാധയേൽക്കുന്ന സാഹചര്യത്തിൽ ആശുപത്രി ചികിത്സ ആവശ്യമായിവരുന്നതിന് 260 ഇരട്ടിയോളം സാധ്യതയുണ്ടെന്ന് മന്ത്രാലയം വ്യക്തമാക്കി. രണ്ട് ഡോസ് കുത്തിവെപ്പെടുത്തവരുമായി താരതമ്യം ചെയ്യുമ്പോൾ ഇത് 65 ഇരട്ടിയാണെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.
നിലവിൽ സൗദി അറേബ്യയിൽ COVID-19 രോഗബാധ സ്ഥിരീകരിക്കുന്നവരിൽ ആശുപത്രി ചികിത്സ ആവശ്യമായിവരുന്ന ബൂസ്റ്റർ ഡോസ് കുത്തിവെപ്പുകൾ സ്വീകരിച്ചവരുടെ നിരക്ക് കേവലം 0.5 ശതമാനം മാത്രമാണെന്നും മന്ത്രാലയം വ്യക്തമാക്കി.