2022 ജൂലൈ 30 മുതൽ ആരംഭിച്ച ഇത്തവണത്തെ ഉംറ സീസണിൽ ഇതുവരെ രണ്ട് ദശലക്ഷത്തിലധികം തീർത്ഥാടക വിസകൾ അനുവദിച്ചതായി സൗദി അധികൃതർ അറിയിച്ചു. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
176 രാജ്യങ്ങളിൽ നിന്നുള്ള തീർത്ഥാടകർക്കായാണ് ഈ സീസണിൽ രണ്ട് ദശലക്ഷത്തിലധികം ഉംറ വിസകൾ അനുവദിച്ചിരിക്കുന്നത്. നാഷണൽ കമ്മിറ്റി ഫോർ ഹജ്ജ്, ഉംറ ആൻഡ് വിസിറ്റ് അംഗത്തെ ഉദ്ധരിച്ചാണ് മാധ്യമങ്ങൾ ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
വിദേശത്ത് നിന്നെത്തുന്ന ഉംറ തീർത്ഥാടകർക്ക് സേവനങ്ങൾ നൽകുന്നതിനായി നൂറ്റിഅമ്പതോളം ഉംറ സർവീസ് കമ്പനികൾ പ്രവർത്തിക്കുന്നതായി അദ്ദേഹം അറിയിച്ചു. സൗദിയിലേക്ക് പ്രവേശിക്കുന്ന തീർത്ഥാടകർക്ക് സുഗമമായ തീർത്ഥാടനം നടത്തുന്നതിനും, രാജ്യത്ത് നിന്ന് തിരികെ മടങ്ങുന്നത് വരെയുള്ള വിവിധ സേവനങ്ങൾ നൽകുന്നതിനും ആവശ്യമായ എല്ലാ നടപടികളും ഉറപ്പ് വരുത്തുന്ന രീതിയിലാണ് ഈ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ സീസണിൽ ഇന്തോനേഷ്യയിൽ നിന്നാണ് ഏറ്റവും കൂടുതൽ ഉംറ തീർത്ഥാടകർ സൗദിയിലെത്തിയിരിക്കുന്നത്. ഇറാഖ്, തുർക്കി, പാകിസ്ഥാൻ, മലേഷ്യ, ഇന്ത്യ, അസർബെയ്ജാൻ എന്നിവയാണ് ഈ പട്ടികയിൽ സ്ഥാനം പിടിച്ചിട്ടുള്ള മറ്റു രാജ്യങ്ങൾ.