സൗദി അറേബ്യ: സ്വദേശിവത്കരണ പദ്ധതിയുടെ രണ്ടാം ഘട്ടം ആരംഭിച്ചു; ലക്ഷ്യമിടുന്നത് സ്വദേശികൾക്കായി ഒന്നരലക്ഷത്തിലധികം തൊഴിലവസരങ്ങൾ

GCC News

രാജ്യത്തെ സ്വദേശിവത്കരണ നടപടികളുടെ ഭാഗമായുള്ള തൗതീൻ പദ്ധതിയുടെ രണ്ടാം ഘട്ടത്തിന് സൗദി അറേബ്യയിൽ തുടക്കമായി. തൗതീൻ 2 എന്ന ഈ പദ്ധതിയ്ക്ക് സൗദി ഹ്യൂമൻ റിസോഴ്സസ് ആൻഡ് സോഷ്യൽ ഡെവലപ്പ്മെന്റ് വകുപ്പ് മന്ത്രി എൻജിനീയർ അഹ്‌മദ്‌ അൽ രജ്‌ഹി 2022 നവംബർ 30-ന് തുടക്കം കുറിച്ചു.

രാജ്യത്തെ സ്വകാര്യ മേഖലയിൽ സൗദി പൗരന്മാർക്ക് 170000 തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നത് ലക്ഷ്യമിട്ടാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. സൗദി അറേബ്യയിലെ വിവിധ തൊഴിൽ മേഖലകളിലായാണ് ഈ സ്വദേശിവത്കരണ നടപടികൾ നടപ്പിലാക്കുന്നത്.

വ്യവസായ മേഖലയിൽ ഇരുപത്തയ്യായിരം തൊഴിലവസരങ്ങളും, ആരോഗ്യ മേഖല, ട്രാൻസ്‌പോർട്ട് ആൻഡ് ലോജിസ്റ്റിക്സ് മേഖല, റിയൽ എസ്റ്റേറ്റ് കെട്ടിടനിർമ്മാണ മേഖല എന്നിവയിൽ ഇരുപതിനായിരം തൊഴിലവസരങ്ങൾ വീതവും, ടൂറിസം മേഖലയിൽ മുപ്പതിനായിരം തൊഴിലവരങ്ങളും സ്വദേശികൾക്കായി കണ്ടെത്തുന്നതിന് ഈ പദ്ധതി ലക്ഷ്യമിടുന്നു.

Source: Saudi MHRSD.

സൗദി വിഷൻ 2030 മുന്നോട്ട് വെക്കുന്ന തൊഴിൽ നയങ്ങൾ ലക്ഷ്യമിട്ടാണ് ഈ പദ്ധതി നടപ്പിലാക്കുന്നതെന്ന് തൗതീൻ 2 പദ്ധതിയ്ക്ക് തുടക്കമിട്ടുകൊണ്ടുള്ള ചടങ്ങിൽ അൽ രജ്‌ഹി വ്യക്തമാക്കി. ഈ പദ്ധതിയുടെ ഒന്നാം ഘട്ടം വിജയകരമായിരുന്നെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

തൗതീൻ 2 പദ്ധതിയുടെ ഭാഗമായി സൂപ്പർവൈസറി തസ്തികകൾ, സാങ്കേതിക നൈപുണ്യം ആവശ്യമുള്ള തസ്തികകൾ എന്നിവയിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനാണ് മന്ത്രാലയം പ്രാധാന്യം നൽകുന്നത്. സൗദിയിലെ തൊഴില്ലായ്മ നിരക്ക് 7 ശതമാനത്തിൽ താഴെ എത്തിക്കുന്നതും ഈ പദ്ധതിയുടെ ലക്ഷ്യമാണ്.

Cover Image: Saudi MHRSD.