രാജ്യത്തേക്ക് കൂടുതൽ വിദേശ നിക്ഷേപകരെ ആകർഷിക്കുന്നതിനായി സൗദി മിനിസ്ട്രി ഓഫ് ഇൻവെസ്റ്റ്മെന്റ് ഒരു പുതിയ സേവനം ആരംഭിച്ചു. വിദേശത്ത് ഇരുന്ന് കൊണ്ട് നിക്ഷേപകർക്ക് സൗദി അറേബ്യയിൽ പുതിയ വ്യവസായങ്ങൾ ആരംഭിക്കുന്നതിനുള്ള നടപടിക്രമങ്ങൾ സുഗമമാക്കുന്നതിന് ലക്ഷ്യമിട്ടുള്ള ഈ സേവനത്തിന് 2021 നവംബർ 15, തിങ്കളാഴ്ച്ചയാണ് മന്ത്രാലയം തുടക്കമിട്ടത്.
വിദേശ നിക്ഷേപകർക്ക് ഈ സേവനം പ്രയോജനപ്പെടുത്തികൊണ്ട് മൂന്ന് നടപടികളിലൂടെ പുതിയ വ്യവസായങ്ങൾ ആരംഭിക്കുന്നതിന് സാധിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി. സൗദി വിദേശകാര്യ മന്ത്രാലയം, വാണിജ്യ മന്ത്രാലയം എന്നിവരുമായി ചേർന്നാണ് ഈ പുതിയ സേവനം നടപ്പിലാക്കുന്നത്.
ഈ സേവനത്തിലൂടെ വിദേശ നിക്ഷേപകർക്കും, കമ്പനികൾക്കും സൗദിയിൽ വ്യവസായം ആരംഭിക്കുന്നതിനുള്ള ലൈസൻസുകൾ അന്താരാഷ്ട്ര നിലവാരത്തിലുള്ള നിയമനടപടിക്രമങ്ങൾ പാലിച്ച് കൊണ്ട് എളുപ്പത്തിൽ നേടുന്നതിന് അവസരം ലഭിക്കുന്നതാണ്. സൗദിയിലെ വാണിജ്യമേഖലയെ ശക്തിപ്പെടുത്തുന്നതിന് ലക്ഷ്യമിട്ടാണ് ഈ പുതിയ സേവനം ആരംഭിച്ചിരിക്കുന്നത്.
ഈ സേവനപ്രകാരം താഴെ പറയുന്ന നടപടികൾ പാലിച്ച് കൊണ്ട് വിദേശ നിക്ഷേപകർക്ക് സൗദിയിൽ വ്യവസായങ്ങൾ ആരംഭിക്കാവുന്നതാണ്:
- ഇതിന്റെ നടപടിക്രമങ്ങളുടെ ആദ്യ പടിയായി നിക്ഷേപകർക്ക് സൗദി വിദേശകാര്യ മന്ത്രാലയത്തിന്റെ വെബ്സൈറ്റ് സന്ദർശിച്ച് കൊണ്ട് പുതിയ വ്യവസായം ആരംഭിക്കുന്നതിനുള്ള ‘New Establishment Contract Ratification Request’ ഫോം പൂരിപ്പിക്കാവുന്നതാണ്. ഈ നടപടി സൗദിയിൽ തുടങ്ങാൻ ഉദ്ദേശിക്കുന്ന വ്യവസായത്തിന്റെ കരാർ വ്യവസ്ഥകൾ ഔദ്യോഗികമായി സ്ഥിരീകരിക്കുന്നതിനും സൗദി എംബസിയിൽ നിന്ന് ഇതുമായി ബന്ധപ്പെട്ട അറ്റസ്റ്റേഷൻ ലഭിക്കുന്നതിനും സഹായിക്കുന്നതാണ്.
- തുടർന്ന് നിക്ഷേപകർക്ക് തങ്ങളുടെ രാജ്യത്തെ സൗദി എംബസികളിൽ നിന്ന് സൗദി വിദേശകാര്യ മന്ത്രാലയം അനുവദിക്കുന്ന യൂണിക് ഐഡി നേടാവുന്നതാണ്. ഇത് ഉപയോഗിച്ച് കൊണ്ട് മിനിസ്ട്രി ഓഫ് ഇൻവെസ്റ്മെന്റിന്റെ വെബ്സൈറ്റിൽ നിന്ന് വ്യവസായ ലൈസൻസ് ലഭിക്കുന്നതിന് അപേക്ഷിക്കാവുന്നതാണ്.
- തുടർന്ന് നിക്ഷേപകർക്ക് വാണിജ്യ മന്ത്രാലയത്തിന്റെ ഓൺലൈൻ പോർട്ടലിൽ നിന്ന് പുതിയ വ്യവസായം ആരംഭിക്കുന്നതിനുള്ള കരാർ അംഗീകാരം നേടാവുന്നതും, കൊമ്മേർഷ്യൽ രെജിസ്റ്റർ നടപടികൾ പൂർത്തിയാക്കാവുന്നതുമാണ്.
ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ https://www.investsaudi.sa/en/investor/guide എന്ന വിലാസത്തിൽ ലഭ്യമാണ്. ഈ സേവനം വിവിധ രാജ്യങ്ങളിലെ സൗദി എംബസികളിൽ ആരംഭിച്ചിട്ടുണ്ടെന്നും സൗദി മിനിസ്ട്രി ഓഫ് ഇൻവെസ്റ്റ്മെന്റ് വ്യക്തമാക്കിയിട്ടുണ്ട്.
Cover Image: A File Photo from 2019. [Saudi Press Agency]