സൗദി: ഉപയോഗിക്കാത്ത സന്ദർശക വിസകളുടെ കാലാവധി നീട്ടുന്നതിനായി വിദേശകാര്യ മന്ത്രാലയം ഓൺലൈൻ സേവനം ആരംഭിച്ചു

featured GCC News

യാത്രാ വിലക്കുകൾ മൂലം ഇതുവരെ ഉപയോഗിക്കാൻ കഴിയാതെ കാലാവധി അവസാനിച്ച സന്ദർശക വിസകളുടെ കാലാവധി നീട്ടുന്നതിനുള്ള സേവനങ്ങൾ നൽകുന്നതിനായി സൗദി വിദേശകാര്യ മന്ത്രാലയം ഒരു ഓൺലൈൻ സംവിധാനം ആരംഭിച്ചു. സൗദിയിലേക്ക് യാത്രാ വിലക്കുകൾ നിലനിൽക്കുന്ന രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ഈ സംവിധാനം ഉപയോഗിച്ച് കൊണ്ട് ഇതുവരെ ഉപയോഗിക്കാത്ത സന്ദർശക വിസകളുടെ കാലാവധി നീട്ടാവുന്നതാണ്. സൗദി പ്രസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

https://enjazit.com.sa/enjaz/extendexpiredvisa എന്ന വിലാസത്തിൽ ഈ സംവിധാനം ലഭ്യമാണ്. 2021 ജൂലൈ 31 വരെ ഈ ഇലക്ട്രോണിക് സംവിധാനത്തിലൂടെ ഇത്തരം സന്ദർശക വിസയുടെ കാലാവധി നീട്ടി നേടാവുന്നതാണെന്ന് മന്ത്രാലയം വ്യക്തമാക്കി.

ആഭ്യന്തര മന്ത്രാലയം, ധനകാര്യ മന്ത്രാലയം എന്നിവരുമായി സംയുക്തമായാണ് ഈ ഓൺലൈൻ സംവിധാനം ആരംഭിച്ചിരിക്കുന്നത്. നിലവിൽ സൗദിയ്ക്ക് പുറത്തുള്ളവർക്ക് ഈ സംവിധാനത്തിലൂടെ തങ്ങൾക്ക് അനുവദിക്കപ്പെട്ട, എന്നാൽ യാത്രാവിലക്കുകൾ മൂലം ഉപയോഗിക്കാൻ സാധിക്കാതിരുന്ന, സന്ദർശക വിസകളുടെ കാലാവധി നീട്ടിയെടുക്കാവുന്നതാണ്.

രാജ്യത്തേക്ക് പ്രവേശിക്കുന്നതിന് യാത്രാ വിലക്കുകൾ നിലനിൽക്കുന്ന രാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്ന പ്രവാസികളുടെ റെസിഡൻസി വിസ കാലാവധി 2021 ജൂലൈ 31 വരെ നീട്ടി നൽകാൻ തീരുമാനിച്ചതായി സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്സ്പോർട്സ് (ജവാസത്ത്) കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.