യു എ ഇ: തൊഴിലില്ലായ്‌മ ഇൻഷുറൻസ് പദ്ധതി 2023 ജനുവരി 1 മുതൽ; രജിസ്‌ട്രേഷൻ ജനുവരി 1-ന് ആരംഭിക്കുമെന്ന് MoHRE

featured GCC News

രാജ്യത്തെ പൊതു, സ്വകാര്യ മേഖലകളിലെ ജീവനക്കാർക്ക് തൊഴിൽ നഷ്ടപ്പെടുന്ന സാഹചര്യത്തിൽ സഹായമേകുന്നതിനായി ഏർപ്പെടുത്തുന്ന പ്രത്യേക തൊഴിലില്ലായ്‌മ ഇൻഷുറൻസ് പദ്ധതി 2023 ജനുവരി 1 മുതൽ നടപ്പിലാക്കുമെന്ന് യു എ ഇ ഹ്യൂമൻ റിസോഴ്‌സസ് ആൻഡ് എമിറേറ്റൈസേഷൻ മന്ത്രാലയം (MoHRE) അറിയിച്ചു. ഈ പദ്ധതിയിൽ യു എ ഇയിലെ പൊതു, സ്വകാര്യ മേഖലകളിൽ തൊഴിലെടുക്കുന്ന പൗരന്മാർക്കും, പ്രവാസികൾക്കും പങ്ക് ചേരാവുന്നതാണ്.

കുറഞ്ഞ ചെലവിൽ തൊഴിൽ സുരക്ഷ ഉറപ്പ് വരുത്തുന്നതിനാണ് ദുബായ് ഇൻഷുറൻസിന് കീഴിൽ ഈ പദ്ധതി നടപ്പിലാക്കുന്നത്. അച്ചടക്ക സംബന്ധമായ കാരണങ്ങളാൽ തൊഴിൽ നഷ്ടപ്പെടുന്നവർക്കും, ജോലി സ്വയം രാജിവെക്കുന്നവർക്കും ഒഴികെയുള്ളവർക്ക് ഈ പദ്ധതിയുടെ കീഴിൽ പരമാവധി മൂന്ന് മാസം വരെ സാമ്പത്തിക സഹായം ലഭ്യമാകുന്നതാണ്.

ഈ പദ്ധതിയുടെ കീഴിലുള്ള രജിസ്‌ട്രേഷൻ 2023 ജനുവരി 1-ന് ആരംഭിക്കുമെന്ന് MoHRE അറിയിച്ചിട്ടുണ്ട്. https://www.iloe.ae/index.html എന്ന വിലാസത്തിൽ രജിസ്‌ട്രേഷൻ (2023 ജനുവരി 1 മുതൽ ലഭ്യമാകും) പൂർത്തിയാക്കിക്കൊണ്ട് ഈ പദ്ധതിയുടെ വരിക്കാരാകാവുന്നതാണ്.

ജീവനക്കാരുടെ അടിസ്ഥാന ശമ്പളം കണക്കിലെടുത്താണ് ഈ പദ്ധതിയിൽ പങ്ക് ചേരുന്നതിനുള്ള ഫീസ് നിശ്ചയിച്ചിട്ടുള്ളത്. 16000 ദിർഹത്തിൽ താഴെ അടിസ്ഥാന വേതനമുള്ളവർ പ്രതിമാസം 5 ദിർഹമാണ് (പ്രതിവർഷം 60 ദിർഹം) ഈ തൊഴിലില്ലായ്‌മ ഇൻഷുറൻസ് പദ്ധതിയുടെ പ്രീമിയം ഇനത്തിൽ അടയ്‌ക്കേണ്ടത്.

16000 ദിർഹത്തിൽ കൂടുതൽ അടിസ്ഥാന വേതനമുള്ളവർക്ക് പ്രതിമാസം 10 ദിർഹമാണ് (പ്രതിവർഷം 120 ദിർഹം) ഫീസ്. ഈ ഫീസ് മാസം തോറും, അല്ലെങ്കിൽ മൂന്ന് മാസത്തിലൊരിക്കൽ, അല്ലെങ്കിൽ ആറ് മാസത്തിലൊരിക്കൽ, അല്ലെങ്കിൽ വർഷം തോറും എന്നിങ്ങനെ വിവിധ രീതിയിൽ അടയ്ക്കാനുള്ള സൗകര്യം നൽകുന്നതാണ്.

ഇതിൽ ആദ്യ വിഭാഗത്തിൽ പെടുന്നവർക്ക് തൊഴിൽ നഷ്ടപ്പെടുന്ന സാഹചര്യത്തിൽ പ്രതിമാസം പരമാവധി 10000 ദിർഹം വരെ (കഴിഞ്ഞ ആറ് മാസത്തിനിടയിൽ ലഭിച്ചിരുന്ന അടിസ്ഥാന വേതനത്തിന്റെ അറുപത് ശതമാനമാണ് പരമാവധി ഇൻഷുറൻസ് ഇനത്തിൽ ലഭിക്കുന്നത്) സാമ്പത്തിക സഹായമായി ലഭിക്കുന്നതാണ്. 16000 ദിർഹത്തിൽ കൂടുതൽ അടിസ്ഥാന വേതനമുള്ള രണ്ടാമത്തെ വിഭാഗത്തിൽ പെടുന്നവർക്ക് തൊഴിൽ നഷ്ടപ്പെടുന്ന സാഹചര്യത്തിൽ പ്രതിമാസം പരമാവധി 20000 ദിർഹം വരെ സാമ്പത്തിക സഹായമായി ലഭിക്കുന്നതാണ്.

ഈ പദ്ധതിയിൽ പങ്ക് ചേരാൻ MoHRE രാജ്യത്തെ പൊതു, സ്വകാര്യ മേഖലകളിലെ മുഴുവൻ ജീവനക്കാരോടും ആഹ്വാനം ചെയ്തിട്ടുണ്ട്. ഈ വെബ്‌സൈറ്റിന് പുറമെ ‘iloe’ സ്മാർട്ട് ആപ്പ്, കിയോസ്ക് മെഷിനുകൾ, സർവീസ് കേന്ദ്രങ്ങൾ, അൽ അൻസാരി എക്സ്ചേഞ്ച്, ബാങ്ക് എ ടി എം മുതലായവയിലൂടെയും ഈ പദ്ധതിയിൽ പങ്ക് ചേരാവുന്നതാണ്.

താഴെ പറയുന്ന വിഭാഗങ്ങളിലുള്ളവർക്ക് ഈ ഇൻഷുറൻസ് പദ്ധതിയിൽ രജിസ്റ്റർ ചെയ്യാൻ അനുമതിയില്ല:

  • നിക്ഷേപകരായ തൊഴിലുടമകൾ (സ്വന്തം സ്ഥാപനത്തിൽ ജോലി ചെയ്യുന്നവർ).
  • ഗാർഹിക ജീവനക്കാർ.
  • താത്കാലിക തൊഴിൽ കരാറുകളിൽ തൊഴിലെടുക്കുന്നവർ.
  • പതിനെട്ട് വയസിന് താഴെ പ്രായമുളളവർ.
  • പുതിയ തൊഴിലുകളിൽ ഏർപ്പെട്ടിട്ടുള്ള പെൻഷനുള്ള റിട്ടയർ ചെയ്ത ജീവനക്കാർ

തൊഴിൽ നഷ്ടപ്പെടുന്നവർക്ക്, ഈ സഹായം ലഭിക്കുന്നതിനുള്ള അപേക്ഷ സമർപ്പിച്ച് രണ്ടാഴ്ചയ്ക്കകം നഷ്ടപരിഹാരത്തുക സംബന്ധിച്ച് തീർപ്പ്കൽപ്പിക്കുന്ന രീതിയിലാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. തുടർച്ചയായി പന്ത്രണ്ട് മാസമെങ്കിലും ഇൻഷുറൻസ് പ്രീമിയം അടച്ചിട്ടുള്ളവർക്ക് മാത്രമാണ് ഈ തുക ലഭിക്കുന്നതിന് അർഹത. ഇതിനിടയിൽ മറ്റൊരു ജോലിയിലേക്ക് മാറുന്നവർക്കും, യു എ ഇയിൽ നിന്ന് ജോലി ഉപേക്ഷിച്ച് മടങ്ങുന്നവർക്കും ഈ സഹായത്തിന് അർഹതയുണ്ടായിരിക്കില്ല.

2022 മെയ് 9-ലെ ക്യാബിനറ്റ് തീരുമാനത്തിന്റെ പശ്ചാത്തലത്തിലാണ് തൊഴിൽ നഷ്ടപ്പെടുന്ന വ്യക്തികൾക്ക് ചുരുങ്ങിയ കാലയളവിലേക്ക് സാമ്പത്തിക സഹായം നൽകുന്നതിനായി ഈ തൊഴിലില്ലായ്‌മ ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കുന്നത്. തൊഴിലാളികൾക്ക് തൊഴിൽ നഷ്ടമാകുന്ന സാഹചര്യത്തിൽ സാമൂഹിക സുരക്ഷ ഉറപ്പ് വരുത്താനും, സുസ്ഥിരമായ ഒരു തൊഴിൽ സാഹചര്യം ഉറപ്പാക്കാനും ഈ തീരുമാനത്തിലൂടെ ലക്ഷ്യമിടുന്നു.

2023 മുതൽ ഇത്തരം ഒരു പദ്ധതി നടപ്പിലാക്കുമെന്ന് ഹ്യൂമൻ റിസോഴ്‌സസ് ആൻഡ് എമിറേറ്റൈസേഷൻ വകുപ്പ് മന്ത്രി അബ്ദുൽറഹ്മാൻ അൽ അവാർ 2022 മെയ് മാസത്തിൽ അറിയിച്ചിരുന്നു.

WAM