അമിതമായ ആൾത്തിരക്ക് ഒഴിവാക്കുന്നതിന്റെ ഭാഗമായി റമദാനിലെ അവസാന ദിനങ്ങളിൽ ഉംറ പെർമിറ്റുകൾ ആദ്യമായി തീർത്ഥാടനം നടത്തുന്നവർക്ക് മാത്രമായി പരിമിതപ്പെടുത്താൻ തീരുമാനിച്ചതായി സൗദി അധികൃതർ വ്യക്തമാക്കി. സൗദി ഹജ്ജ്, ഉംറ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് കൊണ്ട് പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
നേരത്തെ ഉംറ തീർത്ഥാടനം നടത്തിയിട്ടുള്ള തീർത്ഥാടകർക്ക് റമദാനിലെ അവസാന നാളുകളിൽ ആവർത്തിച്ച് ഉംറ അനുഷ്ഠിക്കുന്നതിനുള്ള പെർമിറ്റുകൾ അനുവദിക്കുന്നില്ലെന്ന് ഔദ്യോഗിക സ്രോതസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്. റമദാനിൽ ഇതുവരെ ഉംറ തീർത്ഥാടനം അനുഷ്ഠിക്കാത്ത തീർത്ഥാടകർക്ക് മാത്രമാണ് ഇത്തരം പെർമിറ്റുകൾ അനുവദിക്കുന്നത്.
റമദാനിലെ വലിയ തിരക്ക് കണക്കിലെടുത്ത് വിശ്വാസികൾ ഉംറ തീർത്ഥാടനം ഒരു തവണ മാത്രമാക്കി പരിമിതപ്പെടുത്താൻ സൗദി അധികൃതർ നേരത്തെ ആഹ്വാനം ചെയ്തിരുന്നു.