സൗദി അറേബ്യ: പോസ്റ്റൽ സേവന മേഖലയിൽ സ്വദേശിവത്കരണം നിലവിൽ വന്നു

GCC News

രാജ്യത്തെ പോസ്റ്റൽ സേവന മേഖലയിലും, പാർസൽ വിതരണ മേഖലയിലും സ്വദേശിവത്കരണം നടപ്പിലാക്കുന്നതിനുള്ള ഒരു ഉത്തരവ് സൗദി അറേബ്യയിൽ പ്രാബല്യത്തിൽ വന്നു. 2022 ഡിസംബർ 17, ശനിയാഴ്ച മുതൽ ഈ ഉത്തരവ് പ്രാബല്യത്തിൽ വന്നതായി സൗദി മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്‌സസ് ആൻഡ് സോഷ്യൽ ഡവലപ്മെന്റ് അറിയിച്ചു.

ഈ ഉത്തരവ് നടപ്പിലാക്കുന്നതിന്റെ ആദ്യ ഘട്ടത്തിൽ രാജ്യത്തെ പതിനാല് പോസ്റ്റൽ സേവനങ്ങളിൽ സ്വദേശിവത്കരണം നടപ്പിലാക്കുന്നതാണ്. സൗദി പൗരന്മാർക്ക് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുള്ള നയത്തിന്റെ ഭാഗമായാണ് ഈ നടപടി.

ക്ലീനിങ്ങ്, ലോഡിങ്ങ് മുതലായ തൊഴിലുകളെ സ്വദേശിവത്കരണത്തിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇ-ഡെലിവറി, എക്സ്പ്രസ് മെയിൽ, പോസ്റ്റൽ റൂം മാനേജ്മന്റ്, സ്വകാര്യ പോസ്റ്റൽ സേവനങ്ങൾ, പ്രാദേശിക തലത്തിലും, അന്താരാഷ്ട്ര തലത്തിലുമുള്ള പാർസൽ വിതരണം തുടങ്ങിയ മേഖലകളെ ഈ തീരുമാനം ലക്ഷ്യമിടുന്നു.