ഹജ്ജ് 2024: വിദേശ തീർത്ഥാടകർക്കുള്ള രജിസ്‌ട്രേഷൻ ആരംഭിച്ചതായി സൗദി അധികൃതർ

featured GCC News

2024 സീസണിൽ ഹജ്ജ് തീർത്ഥാടനം അനുഷ്ഠിക്കാൻ ആഗ്രഹിക്കുന്ന വിദേശരാജ്യങ്ങളിൽ നിന്നുള്ള തീർത്ഥാടകർക്കുള്ള ഔദ്യോഗിക രജിസ്‌ട്രേഷൻ നടപടികൾ ആരംഭിച്ചതായി സൗദി സെന്റർ ഫോർ ഇന്റർനാഷണൽ കമ്മ്യൂണിക്കേഷൻ അറിയിച്ചു. 2023 ഡിസംബർ 25-ന് വൈകീട്ടാണ് സൗദി സെന്റർ ഫോർ ഇന്റർനാഷണൽ കമ്മ്യൂണിക്കേഷൻ ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

2024 ഹജ്ജ് തീർത്ഥാടനത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മുസ്ലിം വിശ്വാസികൾക്ക് അവരുടെ വിവരങ്ങൾ ഇപ്പോൾ ഔദ്യോഗികമായി രജിസ്റ്റർ ചെയ്യാമെന്ന് അധികൃതർ വ്യക്തമാക്കി. ഈ രജിസ്‌ട്രേഷൻ സൗദി ഹജ്ജ്, ഉംറ മന്ത്രാലയത്തിന് കീഴിലുള്ള നുസുക് ആപ്പ് സംവിധാനം ഉപയോഗിച്ച് പൂർത്തിയാക്കാവുന്നതാണ്.

ഏഷ്യ, ആഫ്രിക്ക, യൂറോപ്പ്, നോർത്ത് അമേരിക്ക, സൗത്ത് അമേരിക്ക, ഓഷ്യാന എന്നീ വൻകരകളിൽ നിന്നുള്ളവർക്ക് ഈ രജിസ്ട്രേഷനിൽ പങ്കെടുക്കാമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. നുസുക് ആപ്പിൽ തങ്ങളുടെ ഇമെയിൽ വിലാസം നൽകിക്കൊണ്ട് തീർത്ഥാടകർക്ക് ഒരു അക്കൗണ്ട് സൃഷ്ടിക്കാവുന്നതാണ്.