COVID-19 വാക്സിനുള്ള രജിസ്‌ട്രേഷൻ സൗദി അറേബ്യയിൽ ആരംഭിച്ചു; വാക്സിനേഷൻ നടപ്പിലാക്കുന്ന മുൻഗണന ക്രമം പ്രഖ്യാപിച്ചു

Saudi Arabia

കൊറോണ വൈറസ് രോഗബാധയേൽക്കാൻ ഏറ്റവും സാധ്യതയുള്ള ജനവിഭാഗങ്ങൾക്കിടയിലായിരിക്കും COVID-19 വാക്സിനേഷൻ പ്രാരംഭഘട്ടത്തിൽ നടപ്പിലാക്കുന്നതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചതായി സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു. സൗദിയിലെ കൊറോണ വൈറസ് വാക്സിനേഷൻ ആരംഭിക്കുന്നതിനുള്ള നടപടികൾ മന്ത്രാലയം ദ്രുതഗതിയിൽ നടപ്പിലാക്കുന്നതായാണ് അറിയാൻ കഴിയുന്നത്.

സൗദിയിലെ പൗരന്മാർക്കും, നിവാസികൾക്കും COVID-19 വാക്സിൻ സൗജന്യമായി നൽകുന്നതിനുള്ള ഓൺലൈൻ രെജിസ്‌ട്രേഷൻ നടപടികൾ മന്ത്രാലയം ആരംഭിച്ചിട്ടുണ്ടെന്നും പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ ‘Sehhaty’ എന്ന ആപ്പിലൂടെ ഈ രെജിസ്‌ട്രേഷൻ പൂർത്തിയാക്കാവുന്നതാണ്. ഈ ആപ്പ് http://onelink.to/yjc3nj എന്ന വിലാസത്തിൽ ലഭ്യമാണ്. സൗദിയിലെ പ്രവാസികളും, പൗരന്മാരുമുൾപ്പടെ മുഴുവൻ പേർക്കും വാക്സിൻ സൗജന്യമായിരിക്കുമെന്നും അറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.

മൂന്ന് ഘട്ടങ്ങളിലായാണ് COVID-19 വാക്സിനേഷൻ സൗദിയിൽ നടപ്പിലാക്കുന്നത്. 65 വയസ്സിൽ കൂടുതൽ പ്രായമായ പൗരന്മാർ, പ്രവാസികൾ, 40-ൽ കൂടുതൽ ബോഡി മാസ് ഇൻഡക്സ് രേഖപ്പെടുത്തുന്നവർ, രോഗപ്രതിരോധ ശേഷി കുറഞ്ഞവർ, മുൻപ് പക്ഷാഘാതം വന്നിട്ടുള്ളവർ, ആസ്തമ, പ്രമേഹം, കിഡ്‌നി പ്രശ്നങ്ങൾ തുടങ്ങിയ രണ്ടിലധികം വിട്ടുമാറാത്ത ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവർ എന്നീ വിഭാഗങ്ങൾക്കാണ് ആദ്യ ഘട്ടത്തിൽ വാക്സിൻ ലഭ്യമാക്കുന്നത്.

50 വയസ്സിൽ കൂടുതൽ പ്രായമായ പൗരന്മാർ, പ്രവാസികൾ, ആരോഗ്യ രംഗത്ത് പ്രവർത്തിക്കുന്നവർ, ആസ്തമ, പ്രമേഹം, കിഡ്‌നി പ്രശ്നങ്ങൾ, ഹൃദയസംബന്ധിയായ രോഗങ്ങൾ, കാൻസർ രോഗബാധ മുതലായ വിട്ടുമാറാത്ത അസുഖങ്ങളിൽ ഏതെങ്കിലും ഒരു രോഗം ഉള്ളവർ മുതലായവർക്കാണ് രണ്ടാം ഘട്ടത്തിൽ വാക്സിൻ നൽകുന്നത്. മൂന്നാം ഘട്ടത്തിൽ വാക്സിൻ സ്വീകരിക്കാൻ താത്പര്യമുള്ള മറ്റുള്ളവർക്ക് വാക്സിനേഷനിൽ പങ്കെടുക്കാമെന്നും സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി സമഗ്രമായി വിശകലനം ചെയ്ത ശേഷം സുരക്ഷിതം എന്ന് അംഗീകാരം നൽകുന്ന വാക്സിനായിരിക്കും പൊതുസമൂഹത്തിന് ലഭ്യമാക്കുന്നത്.