വിഷൻ 2030 പദ്ധതി ആരംഭിച്ചതിന്റെ അഞ്ചാം വാർഷികവുമായി ബന്ധപ്പെട്ട് 200 റിയാലിന്റെ പ്രത്യേക കറൻസി പുറത്തിറക്കാൻ തീരുമാനിച്ചതായി സൗദി സെൻട്രൽ ബാങ്ക് പ്രഖ്യാപിച്ചു. സൗദിയിലെ ധനപരമായ നിയമത്തിലെ ആർട്ടിക്കിൾ 4 പ്രകാരമാണ് ഈ പുതിയ കറൻസി നോട്ട് പുറത്തിറക്കുന്നത്.
ഏപ്രിൽ 24-നാണ് സൗദി സെൻട്രൽ ബാങ്ക് ഇക്കാര്യം അറിയിച്ചത്. ഏപ്രിൽ 25, ഞായറാഴ്ച്ച മുതൽ ഈ പുതിയ ബാങ്ക് നോട്ട് പ്രാബല്യത്തിൽ വരുമെന്നും സെൻട്രൽ ബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്. ഏപ്രിൽ 25 മുതൽ ഈ ബാങ്ക് നോട്ട് രാജ്യത്തെ പണമിടപാടുകളിൽ ഉപയോഗിക്കാമെന്നും സൗദി സെൻട്രൽ ബാങ്ക് അറിയിച്ചു.
കറൻസി നോട്ടുകൾ അച്ചടിക്കുന്നതിലെ ഏറ്റവും നൂതനമായ സാങ്കേതിക വിദ്യകൾ ഉപയോഗിച്ചാണ് ഈ 200 റിയാലിന്റെ ബാങ്ക് നോട്ട് തയാറാക്കിയിരിക്കുന്നതെന്ന് സൗദി സെൻട്രൽ കൂട്ടിച്ചേർത്തു. സുരക്ഷയുടെ ഭാഗമായുള്ള നിരവധി കാര്യങ്ങൾ ഈ ബാങ്ക് നോട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ചാരനിറത്തിൽ രൂപകല്പന ചെയ്തിട്ടുള്ള ഈ ബാങ്ക് നോട്ടിന്റെ മുൻവശത്ത് സൗദി സ്ഥാപക രാജാവായ കിംഗ് അബ്ദുൽ അസീസിന്റെ രേഖാചിത്രം ഉൾപ്പെടുത്തിയിരിക്കുന്നു. ഇതോടൊപ്പം ത്രിമാന രീതിയിലുള്ള വിഷൻ 2030 ലോഗോ, സൗദി സെൻട്രൽ ബാങ്ക് എന്നും, അറബിക് അക്ഷരങ്ങളിലും, അക്കങ്ങളിലും കറൻസി നോട്ടിന്റെ മൂല്യം എന്നിവയും നോട്ടിന്റെ മുൻവശത്ത് മുദ്രണം ചെയ്തിട്ടുണ്ട്. നോട്ടിന്റെ പുറക് വശത്ത് പരമ്പരാഗത സൗദി ഭരണസിരാകേന്ദ്രമായിരുന്ന റിയാദിലെ ഖസ്ർ അൽ ഹുക്മിന്റെ രേഖാചിത്രം മുദ്രണം ചെയ്തിട്ടുണ്ട്. ഇതോടൊപ്പം കറൻസി മൂല്യം, സൗദി സെൻട്രൽ ബാങ്ക് എന്നിവയും ഇംഗ്ലീഷിൽ രേഖപ്പെടുത്തിയിട്ടുണ്ട്.