വാണിജ്യ സ്ഥാപനങ്ങൾക്ക് ഹോം ഡെലിവറി പെർമിറ്റുകൾ അനുവദിക്കുന്ന നടപടികൾ സൗദി അറേബ്യയിൽ 2025 ജൂലൈ 1-ന് ആരംഭിക്കും. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
സൗദി മിനിസ്ട്രി ഓഫ് മുനിസിപ്പാലിറ്റീസ് ആൻഡ് ഹൗസ്സിങ്ങാണ് ഇക്കാര്യം നടപ്പിലാക്കുന്നത്. രാജ്യത്തെ ഉപഭോക്താക്കൾക്കിടയിൽ ഹോം ഡെലിവറി സേവനങ്ങളിൽ വിശ്വാസ്യത വർദ്ധിപ്പിക്കുന്നത് ലക്ഷ്യമിട്ടാണ് ഇത്തരം ഒരു നടപടി.
ഈ തീരുമാന പ്രകാരം സൗദി അറേബ്യയിലെ ഭക്ഷണ, ഭക്ഷണഇതര ഡെലിവറി സേവന മേഖലകളിൽ പ്രവർത്തിക്കുന്ന വാണിജ്യസ്ഥാപനങ്ങൾക്കാണ് 2025 ജൂലൈ 1 മുതൽ ഇത്തരം ഹോം ഡെലിവറി പെർമിറ്റുകൾ അനുവദിക്കുന്നത്. ബലദി സംവിധാനത്തിലൂടെയാണ് ഇത്തരം പെർമിറ്റുകൾ അനുവദിക്കുന്നത്.
ഡെലിവറി സേവനമേഖലയിൽ പ്രവർത്തിക്കുന്ന വാണിജ്യ സ്ഥാപനങ്ങൾ നിശ്ചിതമായ ആരോഗ്യ, സാങ്കേതിക മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുന്നതിനും, അതിലൂടെ ഡെലിവറി സേവനമേഖലയെ ചിട്ടപ്പെടുത്തുന്നതിനുമാണ് മന്ത്രാലയം ലക്ഷ്യമിടുന്നത്. താഴെ പറയുന്ന മാനദണ്ഡങ്ങൾ പാലിക്കുന്ന സ്ഥാപനങ്ങൾക്ക് മാത്രമാണ് ഇത്തരം പെർമിറ്റുകൾക്ക് അപേക്ഷിക്കാൻ അനുമതി നൽകുന്നത്:
- ഹോം ഡെലിവറി സേവനങ്ങൾ നൽകുന്നതിന് ഉപയോഗപ്പെടുത്തുന്ന എല്ലാ ജീവനക്കാർക്കും ഹെൽത്ത് സർട്ടിഫിക്കേഷൻ ഉണ്ടായിരിക്കണം.
- സ്ഥാപനത്തിന്റെ വാണിജ്യ പ്രവർത്തനമേഖലയുമായി ബന്ധപ്പെട്ട അധികൃതരിൽ നിന്നുള്ള അനുമതി ഉണ്ടായിരിക്കണം.
- ഡെലിവറി സേവനങ്ങൾക്കായി ഉപയോഗിക്കുന്ന വാഹനങ്ങളിൽ സ്ഥാപനത്തിന്റെ പേര്, ബ്രാൻഡ് എന്നിവ അടയാളപ്പെടുത്തിയിരിക്കണം.
- ഇത്തരം സേവനങ്ങൾക്കായി ഉപയോഗിക്കുന്ന വാഹനങ്ങൾ നിശ്ചിത സാങ്കേതിക, ആരോഗ്യ മാനദണ്ഡങ്ങൾ പാലിക്കുന്നവയായിരിക്കണം.