2021 സെപ്റ്റംബർ 23 മുതൽ വിദേശത്ത് നിന്നെത്തുന്ന യാത്രികരുടെ പ്രവേശന മാനദണ്ഡങ്ങളിൽ മാറ്റം വരുത്താൻ തീരുമാനിച്ചതായി സൗദി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ (GACA) അറിയിച്ചു. സെപ്റ്റംബർ 13-നാണ് GACA ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
ഇതുമായി ബന്ധപ്പെട്ടുള്ള ഔദ്യോഗിക വിജ്ഞാപനം രാജ്യത്ത് പ്രവർത്തിക്കുന്ന എല്ലാ വിമാനകമ്പനികൾക്കും GACA നൽകിയിട്ടുണ്ട്. ഈ അറിയിപ്പ് പ്രകാരം താഴെ പറയുന്ന പ്രവേശന നിർദ്ദേശങ്ങളാണ് GACA സെപ്റ്റംബർ 23-ന് ഉച്ചയ്ക്ക് 12 മണിമുതൽ നടപ്പിലാക്കുന്നത്:
- സൗദി ഔദ്യോഗികമായി അംഗീകരിച്ചിട്ടുള്ള COVID-19 വാക്സിനുകളുടെ ഒരു ഡോസ് കുത്തിവെപ്പെടുത്തവർക്ക് സൗദിയിലേക്ക് പ്രവേശനം അനുവദിക്കുന്നതാണ്. ഇതിനായി ഇത്തരം യാത്രികർ, യാത്ര പുറപ്പെടുന്നതിന് മുൻപ്, 72 മണിക്കൂറിനിടയിൽ നേടിയ PCR നെഗറ്റീവ് റിസൾട്ട് ഹാജരാക്കേണ്ടതാണ്.
- ഇവർക്ക് സൗദിയിലെത്തിയ ശേഷം അഞ്ച് ദിവസം ഇൻസ്റ്റിട്യൂഷണൽ ക്വാറന്റീൻ നിർബന്ധമാണ്.
- ഇവർ സൗദിയിലെത്തിയ ശേഷം 24 മണിക്കൂറിനിടയിൽ ഒരു PCR ടെസ്റ്റ് നടത്തേണ്ടതാണ്.
- ഇവർ സൗദിയിലെത്തിയ ശേഷം അഞ്ചാം ദിനം മറ്റൊരു PCR ടെസ്റ്റ് കൂടി നടത്തേണ്ടതാണ്.
- ഇത്തരം ടെസ്റ്റുകളുടെ സമയക്രമം സംബന്ധിച്ച് Tawakkalna ആപ്പിലൂടെ ലഭിക്കുന്ന നിർദ്ദേശങ്ങൾ യാത്രികർ കർശനമായി പാലിക്കേണ്ടതാണ്.
- അഞ്ചാം ദിനം നടത്തുന്ന PCR ടെസ്റ്റിൽ നെഗറ്റീവ് ആകുന്നവർക്ക് ക്വാറന്റീൻ അവസാനിപ്പിക്കാവുന്നതാണ്.
സൗദി അറേബ്യ ഔദ്യോഗികമായി അംഗീകരിക്കാത്ത COVID-19 വാക്സിനുകളുടെയോ, ലോകാരോഗ്യ സംഘടന ഔദ്യോഗികമായി അംഗീകരിക്കാത്ത COVID-19 വാക്സിനുകളുടെയോ ഒരു ഡോസ് കുത്തിവെപ്പെടുത്തവർക്കും ഇതേ നിബന്ധനകൾ ബാധകമാണെന്ന് GACA അറിയിച്ചിട്ടുണ്ട്. ലോകാരോഗ്യ സംഘടന ഔദ്യോഗികമായി അംഗീകരിച്ചതും, എന്നാൽ സൗദി അറേബ്യ അംഗീകരിക്കാത്തതുമായ വാക്സിനുകൾ സ്വീകരിച്ചവർക്കും ഇതേ നിബന്ധനകൾ ബാധകമാക്കിയിട്ടുണ്ട്.
ഇത്തരത്തിൽ ഇൻസ്റ്റിട്യൂഷണൽ ക്വാറന്റീൻ പൂർത്തിയാക്കുന്ന പ്രവാസികൾ താമസിയാതെ വാക്സിൻ കുത്തിവെപ്പുകളുടെ മുഴുവൻ ഡോസുകളും എടുക്കേണ്ടതാണ്. സൗദി അംഗീകരിച്ചിട്ടില്ലാത്ത സിനോഫാം, സിനോവാക് എന്നീ വാക്സിനുകളെടുത്തവർ സൗദിയിലെത്തിയ ശേഷം ഒരു ബൂസ്റ്റർ ഡോസ് എടുക്കേണ്ടതാണെന്നും GACA അറിയിച്ചിട്ടുണ്ട്.
വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയ ബന്ധുക്കളോടൊപ്പം യാത്രചെയ്യുന്ന 18 വയസിന് താഴെ പ്രായമുള്ള വാക്സിനെടുക്കാത്തവർക്ക് അഞ്ച് ദിവസത്തെ ഹോം ക്വാറന്റീൻ നിർബന്ധനമാണ്. ഇവരിൽ എട്ട് വയസിന് മുകളിൽ പ്രായമുള്ളവർ അഞ്ചാം ദിനം PCR ടെസ്റ്റ് നടത്തേണ്ടതാണ്. വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയ ബന്ധുക്കളോടൊപ്പം യാത്രചെയ്യുന്ന പതിനെട്ടും, അതിനു മുകളിലും പ്രായമുള്ള വാക്സിനെടുക്കാത്തവർക്ക് ഇൻസ്റ്റിട്യൂഷണൽ ക്വാറന്റീൻ നിർബന്ധമാണ്.
സൗദി അംഗീകരിച്ചിട്ടുള്ള COVID-19 വാക്സിന്റെ മുഴുവൻ ഡോസുകളും എടുത്തിട്ടുള്ളവർക്ക് മാത്രമാണ് രാജ്യത്തെ പൊതു, സ്വകാര്യ സ്ഥാപനങ്ങളിലേക്കും മറ്റും പ്രവേശനം നൽകുന്നതെന്നും, ഇത്തരം വ്യക്തികൾക്ക് മാത്രമാണ് പൊതു ഗതാഗത സംവിധാനങ്ങൾ ഉപയോഗിക്കാൻ അനുമതിയുള്ളതെന്നും GACA ആവർത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്.