ഒമാൻ: സ്‌കൂൾ ബസ് ഫീ സംബന്ധിച്ച് പ്രചരിക്കുന്ന തെറ്റായ വാർത്തകൾ തള്ളിക്കൊണ്ട് വിദ്യാഭ്യാസ മന്ത്രാലയം അറിയിപ്പ് പുറത്തിറക്കി

GCC News

സ്‌കൂൾ ബസ് ഫീ സംബന്ധിച്ച് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് ഒമാൻ വിദ്യാഭ്യാസ മന്ത്രാലയം പ്രത്യേക അറിയിപ്പിലൂടെ വ്യക്തമാക്കി. സ്‌കൂൾ ബസ് ഉപയോഗിക്കുന്നതിന് വിദ്യാർത്ഥികളിൽ നിന്ന് ഫീ ഈടാക്കുമെന്നുള്ള തരത്തിലുള്ള പ്രചാരണം സമൂഹ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ട സാഹചര്യത്തിലാണ് ഒമാൻ വിദ്യാഭ്യാസ മന്ത്രാലയം ഇത്തരം തെറ്റായ വാർത്തകൾ തള്ളിക്കൊണ്ട് അറിയിപ്പ് നൽകിയത്.

സെപ്റ്റംബർ 13-ന് വൈകീട്ടാണ് ഒമാൻ വിദ്യാഭ്യാസ മന്ത്രാലയം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. “സ്‌കൂൾ ബസുകളിലെ ഡ്രൈവർമാർക്ക് ശമ്പളം വിതരണം ചെയ്യുന്നില്ലെന്നും, ഇതിനാൽ സ്‌കൂൾ ബസ് ഉപയോഗിക്കുന്നതിന് വിദ്യാർത്ഥികളിൽ നിന്ന് പ്രത്യേക ഫീ ഇടാക്കുമെന്നുള്ള തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ തെറ്റാണ്. ശരിയായ വിവരങ്ങൾ ലഭിക്കുന്നതിനായി ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വാർത്തകൾ പിന്തുടരേണ്ടതാണ്.”, മന്ത്രാലയം വ്യക്തമാക്കി.

വിദ്യാർത്ഥികളുടെ പാഠപുസ്തകങ്ങൾ സംബന്ധിച്ച് പ്രചരിക്കുന്ന തെറ്റായ വാർത്തകളും മന്ത്രാലയം തള്ളിക്കളഞ്ഞിട്ടുണ്ട്. 2021 – 2022 അധ്യയന വർഷത്തെ പാഠപുസ്തകങ്ങളുടെ വിതരണം ഏതാണ്ട് പൂർണ്ണമായും പൂർത്തിയായതായും, പ്രിന്റിങ്ങിലെ കാലതാമസം മൂലം ഇതുവരെ വിതരണം ചെയ്യാത്ത ഏതാനം പുസ്തകങ്ങളുടെ ഇലക്ട്രോണിക് പതിപ്പുകൾ മന്ത്രാലയം ലഭ്യമാക്കിയിട്ടുണ്ടെന്നും അധികൃതർ പ്രത്യേക അറിയിപ്പിലൂടെ വ്യക്തമാക്കി.