സൗദി: 12 മുതൽ 18 വയസ് വരെ പ്രായമുള്ളവർക്ക് ഫൈസർ വാക്സിൻ നൽകുമെന്ന് ആരോഗ്യ മന്ത്രാലയം

GCC News

രാജ്യത്തെ 12 മുതൽ 18 വയസ് വരെ പ്രായമുള്ളവർക്ക് ഫൈസർ ബയോഎൻടെക് COVID-19 വാക്സിൻ കുത്തിവെപ്പ് നൽകാൻ തീരുമാനിച്ചതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഈ പ്രായവിഭാഗക്കാർക്ക് വാക്സിൻ നൽകുന്നതിന് സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി അംഗീകാരം നൽകിയ സാഹചര്യത്തിലാണ് ഈ തീരുമാനം.

ജൂൺ 27-ന് രാത്രിയാണ് സൗദി ആരോഗ്യ മന്ത്രാലയം ഇക്കാര്യം അറിയിച്ചത്. ഈ വിഭാഗങ്ങളിലുൾപ്പടെ രാജ്യത്ത് COVID-19 വാക്സിൻ സ്വീകരിക്കാൻ ആഗ്രഹിക്കുന്നവർക്ക് ‘Sehaty’ അല്ലെങ്കിൽ ‘Tawakkalna’ ആപ്പിലൂടെ ഇതിനായുള്ള ബുക്കിംഗ് പൂർത്തിയാക്കാവുന്നതാണ്.

രാജ്യത്തെ കൂടുതൽ ജനങ്ങളിലേക്ക് COVID-19 വാക്സിൻ എത്തിക്കുന്നതിന് ഈ തീരുമാനം സഹായകമാണെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.