സൗദി: മക്കയിലെ ഗ്രാൻഡ് മോസ്കിൽ തിരക്ക് നിയന്ത്രിക്കുന്നതിനായി എ ഐ പ്രയോജനപ്പെടുത്തുന്നു

GCC News

മക്കയിലെ ഗ്രാൻഡ് മോസ്കിൽ തിരക്ക് നിയന്ത്രിക്കുന്നതിനായി നിർമ്മിത ബുദ്ധി (AI) സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തുന്നു. സൗദി പ്രസ്സ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

സൗദി ഡാറ്റ ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അതോറിറ്റിയുടെ (SDAIA) നേതൃത്വത്തിലാണ് ഇത് നടപ്പിലാക്കുന്നത്. റമദാനിലെ ഉംറ തീർത്ഥാടകരുടെ വലിയ തിരക്ക് കണക്കിലെടുത്താണ് ഈ സാങ്കേതിവിദ്യ ഉപയോഗപ്പെടുത്തുന്നത്.

ഗ്രാൻഡ് മോസ്‌കിലെ തിരക്ക് നിയന്ത്രിക്കുന്നതിനായി സൗദി ആഭ്യന്തര മന്ത്രാലയത്തിലെ ജനറൽ സെക്യൂരിറ്റി ഡയറക്ടറേറ്റുമായി സഹകരിച്ച് കൊണ്ട് SDAIA ബസീർ എന്ന ഒരു സംവിധാനം നടപ്പിലാക്കിയിട്ടുണ്ട്. ഈ നൂതന കമ്പ്യൂട്ടർ വിഷൻ സംവിധാനം നിർമ്മിത ബുദ്ധി പ്രയോജനപ്പെടുത്തിക്കൊണ്ട് ആൾക്കൂട്ടത്തെ ട്രാക്ക് ചെയ്യുന്നതിനും, തീർത്ഥാടകരുടെ സുഗമമായ നീക്കത്തിന് തടസമുണ്ടാക്കുന്ന ഒഴുക്കിനെതിരായ ചലനങ്ങൾ കണ്ടെത്തുന്നതിനും, കാണാതായ ആളുകളെ കണ്ടെത്തുന്നതിനും സഹായിക്കുന്നു.

ഇതിന് പുറമെ ഗ്രാൻഡ് മോസ്ക്, പ്രവാചകന്റെ പള്ളി തുടങ്ങിയ ഇടങ്ങളിലെ സുരക്ഷ ഉയർത്തുന്നതിനുള്ള നടപടിക്രമങ്ങൾ രൂപീകരിക്കുന്നതിലും SDAIA പ്രവർത്തിക്കുന്നുണ്ട്.