സൗദി അറേബ്യ: ഹജ്ജ് സേവനങ്ങളുടെ പേരിൽ തട്ടിപ്പ് നടത്തുന്ന സംഘങ്ങളെക്കുറിച്ച് മന്ത്രാലയം മുന്നറിയിപ്പ് നൽകി

GCC News

ആഭ്യന്തര തീർത്ഥാടകർക്കായി ഹജ്ജ് സേവനങ്ങൾ വാഗ്ദാനം ചെയ്തു കൊണ്ട് പ്രവർത്തിക്കുന്ന തട്ടിപ്പ് സംഘങ്ങളെക്കുറിച്ച് സൗദി ഹജ്ജ്, ഉംറ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇത്തരം സേവനങ്ങൾ വാഗ്ദാനം ചെയ്യുന്ന രീതിയിൽ പ്രവർത്തിക്കുന്ന വ്യാജ വെബ്സൈറ്റുകളെക്കുറിച്ച് ജാഗ്രത പുലർത്താനും, സൗദിയിൽ നിന്ന് ഹജ്ജ് അനുഷ്ഠിക്കാൻ ആഗ്രഹിക്കുന്നവർ ഇത്തരം തട്ടിപ്പുകൾക്ക് ഇരയാകാതിരിക്കാൻ ശ്രദ്ധ പുലർത്തണമെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ഇത്തരം വ്യാജ വെബ്സൈറ്റുകളെക്കുറിച്ച് മന്ത്രാലയം നേരത്തെയും മുന്നറിയിപ്പ് നൽകിയിരുന്നു. 2022-ലെ ഹജ്ജ് തീർത്ഥാടന കാലയളവിൽ സൗദിയിൽ താമസിക്കുന്നവർക്ക് കുറഞ്ഞ ചെലവിൽ ഹജ്ജ് സേവനങ്ങൾ വാഗ്ദാനം ചെയ്യുന്ന രീതിയിൽ പ്രവർത്തിക്കുന്ന ഇത്തരം തട്ടിപ്പ് വെബ്സൈറ്റുകൾ പണം, സ്വകാര്യ വിവരങ്ങൾ എന്നിവ തട്ടിയെടുക്കുന്നതിനായാണ് ലക്ഷ്യമിടുന്നതെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി.

ഇത്തരം തട്ടിപ്പുകൾ ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന ഏതാനം വ്യക്തികൾക്കെതിരെയും, വെബ്സൈറ്റുകൾക്കെതിരെയും അധികൃതർ നടപടികൾ സ്വീകരിച്ചതായി സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ഹജ്ജ് റജിസ്ട്രേഷനുമായി ബന്ധപ്പെട്ട സേവനങ്ങൾ Eatmarna ആപ്പിലൂടെയും, മന്ത്രാലയത്തിന്റെ വെബ്സൈറ്റിലൂടെയും മാത്രമാണ് നൽകുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

സൗദി അറേബ്യയിൽ നിന്നുള്ള ആഭ്യന്തര തീർത്ഥാടകർക്കുള്ള ഹജ്ജ് രജിസ്‌ട്രേഷൻ ബുക്കിംഗ് 2022 ജൂൺ 11 വരെ തുടരുന്നതാണ്. പൗരന്മാരും, പ്രവാസികളും ഉൾപ്പടെ ആകെ ഒന്നരലക്ഷം ആഭ്യന്തര തീർത്ഥാടകർക്കാണ് ഈ ഹജ്ജ് സീസണിൽ തീർത്ഥാടനം അനുഷ്ഠിക്കുന്നതിന് അനുമതി നൽകുന്നത്. 65 വയസിന് താഴെ പ്രായമുള്ള, സൗദി അറേബ്യയിൽ നിലവിൽ ഉള്ളവരായ, പൗരന്മാർക്കും, പ്രവാസികൾക്കും ആഭ്യന്തര തീർത്ഥാടകരായി രജിസ്റ്റർ ചെയ്യാവുന്നതാണ്.

ഇവർ COVID-19 വാക്സിൻ നിർബന്ധമായും സ്വീകരിച്ചരിക്കേണ്ടതാണ്. 2022 ഹജ്ജ് സീസണിൽ പങ്കെടുക്കുന്ന തീർത്ഥാടകർക്കായി അംഗീകരിച്ചിട്ടുള്ള COVID-19 വാക്സിനുകൾ സംബന്ധിച്ച് സൗദി ആരോഗ്യ മന്ത്രാലയം ഔദ്യോഗിക അറിയിപ്പ് പുറത്തിറക്കിയിരുന്നു.

ഈ വർഷത്തെ ഹജ്ജ് തീർത്ഥാടനത്തിനായി തിരഞ്ഞെടുക്കപ്പെട്ട തീർത്ഥാടകരുടെ ആദ്യ സംഘം മദീനയിലെ പ്രിൻസ് മുഹമ്മദ് ബിൻ അബ്ദുൽഅസീസ് ഇന്റർനാഷണൽ എയർപോർട്ടിൽ എത്തിയതായി സൗദി പ്രസ് ഏജൻസി നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.