കനത്ത മഴയിൽ നിറഞ്ഞ് കവിയുന്ന രാജ്യത്തെ താഴ്‌വരകൾ വാഹനങ്ങളിൽ മുറിച്ച് കടക്കാൻ ശ്രമിക്കുന്ന പ്രവർത്തികൾ ട്രാഫിക് നിയമലംഘനമായി കണക്കാക്കുമെന്ന് സൗദി ട്രാഫിക് ഡിപ്പാർട്മെന്റ് മുന്നറിയിപ്പ് നൽകി. ഇത്തരം പ്രവർത്തികൾക്ക് 10000 റിയാൽ വരെ പിഴ ചുമത്താമെന്നും അധികൃതർ ജനങ്ങളെ ഓർമ്മപ്പെടുത്തി.
വെള്ളപ്പൊക്ക ഭീഷണി നിലനിൽക്കുന്ന സാഹചര്യങ്ങളിൽ രാജ്യത്തെ താഴ്‌വരകൾ, മലയിടുക്കുകൾ എന്നിവ മുറിച്ച് കടക്കാൻ ശ്രമിക്കുന്ന പ്രവർത്തികൾ അത്യന്തം ഗൗരവകരമായ അപകടങ്ങളിലേക്ക് നയിക്കാവുന്നതാണെന്ന് ട്രാഫിക് ഡിപ്പാർട്മെന്റ് വ്യക്തമാക്കി. ഇത്തരം പ്രവർത്തികൾ രാജ്യത്ത് നിയമലംഘനമായി കണക്കാക്കുന്നതും, 5000 മുതൽ 10000 റിയാൽ വരെ പിഴ ചുമത്താവുന്നതാണെന്നും അധികൃതർ കൂട്ടിച്ചേർത്തു.
സൗദിയിൽ വിവിധ ഇടങ്ങളിൽ കനത്ത മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്താണ് ഇത്തരം ഒരു മുന്നറിയിപ്പ്. രാജ്യത്തിന്റെ തെക്ക്പടിഞ്ഞാറൻ മേഖലകളായ ജസാൻ, അസിർ മുതലായ ഇടങ്ങളിൽ താഴ്‌വരകൾ നിറഞ്ഞ് കവിയുന്ന രീതിയിലുള്ള മഴയ്ക്ക് സാധ്യതയുള്ളതായി സൗദി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിപ്പ് നൽകിയിട്ടുണ്ട്.