എക്സ്പോ 2030-യുടെ വേദിയായി സൗദി അറേബ്യയെ തിരഞ്ഞെടുത്തു

featured GCC News

2030-ലെ ലോക എക്സ്പോയുടെ വേദിയായി സൗദി അറേബ്യയെ ഔദ്യോഗികമായി തിരഞ്ഞെടുത്തു. 2023 നവംബർ 28-ന് രാത്രിയാണ് സൗദി പ്രസ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ലോക എക്സ്പോയുടെ ഔദ്യോഗിക സംഘാടകരായ ഇന്റർനാഷണൽ ബ്യൂറോ ഓഫ് എക്‌സിബിഷൻസ് (Bureau International des Expositions – BIE) അംഗരാജ്യങ്ങൾക്കിടയിൽ നടത്തിയ വോട്ടെടുപ്പിന്റെ അടിസ്ഥാനത്തിലാണ് എക്സ്പോ 2030-യുടെ വേദിയായി സൗദി അറേബ്യയയിലെ റിയാദ് നഗരത്തെ തിരഞ്ഞെടുത്തത്.

നവംബർ 28-ന് പുറത്ത് വിട്ട കണക്കുകൾ പ്രകാരം സൗദി അറേബ്യ 119 വോട്ടുകൾ നേടി. സൗത്ത് കൊറിയ, ഇറ്റലി എന്നീ രാജ്യങ്ങളും ഈ ഔദ്യോഗിക നറുക്കെടുപ്പിൽ മത്സരിച്ചിരുന്നു.

2030-ലെ ലോക എക്സ്പോയ്ക്ക് വേദിയാകാൻ തങ്ങൾ തയ്യാറാണെന്ന് സൗദി അറേബ്യ 2021 ഒക്ടോബറിൽ ഔദ്യോഗികമായി അറിയിച്ചിരുന്നു.

ലോക എക്സ്പോ 2030-യുടെ വേദിയാകുന്നതിനുള്ള നറുക്കെടുപ്പിൽ പങ്കെടുക്കുന്നതിനുള്ള ഔദ്യോഗിക നടപടിക്രമങ്ങൾക്ക് സൗദി അറേബ്യ 2021 ഡിസംബറിൽ തുടക്കമിട്ടിരുന്നു.

ലോക എക്സ്പോ 2030-യ്ക്ക് വേദിയാകാൻ സൗദി അറേബ്യ നിശ്ചയിച്ചിട്ടുള്ള റിയാദിലെ പരിസരങ്ങൾ BIE എൻക്വയറി മിഷൻ അംഗങ്ങൾ 2023 മാർച്ചിൽ പരിശോധിച്ചിരുന്നു.