രാജ്യത്തിൻറെ വിനോദസഞ്ചാര മേഖലയിൽ ഈ വർഷം വലിയ വളർച്ച രേഖപ്പെടുത്തിയതായി സൗദി ടൂറിസം മന്ത്രാലയം അറിയിച്ചു. 2024 സെപ്റ്റംബർ 28-നാണ് മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.
2024-ലെ ആദ്യ ഏഴ് മാസത്തെ കണക്കുകൾ പ്രകാരം, സൗദി അറേബ്യയിലേക്ക് വിനോദസഞ്ചാരത്തിനായും, അവധിക്കാലം ചെലവഴിക്കുന്നതിനായും എത്തുന്ന വിദേശ ടൂറിസ്റ്റുകളുടെ എണ്ണത്തിൽ 656 ശതമാനം വളർച്ച രേഖപ്പെടുത്തിയതായി മന്ത്രാലയം വ്യക്തമാക്കി. ലോക ടൂറിസം ദിനത്തിന്റെ ഭാഗമായി മന്ത്രാലയം പുറത്തിറക്കിയ പ്രത്യേക പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
സൗദി വിഷൻ 2030-ന്റെ ഭാഗമായി കൈകൊണ്ടിട്ടുള്ള നടപടികൾ പ്രകാരം സൗദി അറേബ്യയിലെ ടൂറിസം മേഖലയിൽ വലിയ വളർച്ച പ്രകടമാണെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 2024 ജനുവരിക്കും, ജൂലായ്ക്കും ഇടയിൽ 17.5 മില്യൺ അന്താരാഷ്ട്ര വിനോദസഞ്ചാരികളെ സൗദി അറേബ്യ സ്വാഗത ചെയ്തതായി മന്ത്രാലയം വെളിപ്പെടുത്തി. 2023-ലെ കണക്കുകളുമായി താരമത്യം ചെയ്യുമ്പോൾ ഇത് 10 ശതമാനത്തിന്റെ വളർച്ചയാണെന്ന് മന്ത്രാലയം കൂട്ടിച്ചേർത്തു.