അബുദാബി: സായിദ് ചാരിറ്റി മാരത്തോൺ നവംബർ 19-ന്

featured UAE

ഈ വർഷത്തെ സായിദ് ചാരിറ്റി മാരത്തോൺ 2022 നവംബർ 19-ന് അബുദാബിയിൽ വെച്ച് സംഘടിപ്പിക്കും. എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

സായിദ് ചാരിറ്റി മാരത്തോണിൽ നിന്ന് ലഭിക്കുന്ന മുഴുവൻ വരുമാനവും എമിറേറ്റ്സ് റെഡ് ക്രെസെന്റിന് കീഴിൽ നടത്തുന്ന ഓർഗൻ ഡോണേഷൻ പദ്ധതിയിലേക്ക് സംഭാവന ചെയ്യുന്നതാണ്. COVID-19 മഹാമാരിയുടെ പശ്ചാത്തലത്തിൽ മുടങ്ങി പോയ ഈ മാരത്തോൺ ഓട്ടമത്സരം വീണ്ടും ആരംഭിക്കുനതിൽ അതിയായ സന്തോഷമുണ്ടെന്ന് സംഘാടക കമ്മിറ്റി ചെയർമാൻ ലെഫ്റ്റനന്റ് ജനറൽ മുഹമ്മദ് ഹിലാൽ അൽകാബി അറിയിച്ചു.

File Photo of Zeyed Charity Marathon from 2014. Source: WAM.

സായിദ് ചാരിറ്റി മാരത്തോണിൽ പങ്കടുക്കുന്നതിനായി പൗരന്മാരും, പ്രവാസികളും, സന്ദർശകരും ഉൾപ്പടെയുള്ളവർ പ്രകടിപ്പിക്കുന്ന താത്പര്യത്തെ അദ്ദേഹം പ്രശംസിച്ചു. ഈ മാരത്തോണിൽ പങ്കെടുക്കുന്നതിനുള്ള രജിസ്‌ട്രേഷൻ നടപടികൾ നവംബർ 16-ന് വൈകീട്ട് വരെ നീട്ടിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.

ഈ മാരത്തോണിൽ പങ്കെടുക്കുന്ന മുഴുവൻ പേർക്കും പ്രത്യേക മെഡൽ, സായിദ് ചാരിറ്റി മാരത്തോൺ ലോഗോ ഉൾപ്പെടുത്തിയിട്ടുള്ള ടി-ഷർട്ട് എന്നിവ നൽകുന്നതാണ്. പത്ത് കിലോമീറ്റർ ദൈർഘ്യമുള്ള ഈ ഓട്ടമത്സരം എർത് അബുദാബി ഹോട്ടലിൽ നിന്നാണ് ആരംഭിക്കുന്നത്. എല്ലാ വിഭാഗങ്ങളിൽ നിന്നുള്ളവരുടെയും പങ്കാളിത്തം ഉറപ്പ് വരുത്തുന്നതിനായി സായിദ് ചാരിറ്റി മാരത്തോണിൽ 3, 5 കിലോമീറ്റർ വീതം ദൈർഘ്യമുള്ള ഓട്ടമത്സരങ്ങളും സംഘടിപ്പിക്കുന്നതാണ്.

10 കിലോമീറ്റർ വിഭാഗത്തിലെ വിജയിക്ക് 25000 ദിർഹം സമ്മാനത്തുകയായി ലഭിക്കുന്നതാണ്. അഞ്ച് കിലോമീറ്റർ വിഭാഗത്തിലെ വിജയിക്ക് 15000 ദിർഹവും, മൂന്ന് കിലോമീറ്റർ വിഭാഗത്തിലെ വിജയിക്ക് 10000 ദിർഹവും സമ്മാനമായി ലഭിക്കുന്നതാണ്.

WAM