ലോകകപ്പ് 2022: ഫുട്ബാൾ ആരാധകർക്കായി ഔട്ഡോർ ആഘോഷങ്ങളുമായി ദുബായ്

UAE

ഫിഫ ലോകകപ്പ് ഖത്തർ 2022 ടൂർണമെന്റിന്റെ പശ്ചാത്തലത്തിൽ ഫുട്ബാൾ ആരാധകർക്കായി ദുബായിലെ വിവിധ ഇടങ്ങളിൽ ഔട്ഡോർ ആഘോഷപരിപാടികൾ സംഘടിപ്പിക്കുന്നു. 2022 നവംബർ 15-ന് ദുബായ് മീഡിയ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്.

ലോകകപ്പ് ആരംഭിക്കാൻ ഏതാനം ദിവസങ്ങൾ മാത്രം ശേഷിക്കുന്ന അവസരത്തിൽ എമിറേറ്റിലെ വിവിധ ഇടങ്ങളിൽ ഒരുക്കിയിരിക്കുന്ന ഫുട്ബോൾ ഫാൻ സോണുകളിലേക്ക് നിവാസികളെയും, സന്ദർശകരെയും ദുബായ് സ്വാഗതം ചെയ്തു. തുറസ്സായ പ്രദേശങ്ങളിൽ ഒരുക്കിയിരിക്കുന്ന ഇത്തരം ഫാൻ സോണുകൾ ഫുട്ബാൾ ആരാധകർക്ക് മറക്കാനാകാത്ത കാഴ്ച്ചകൽ നൽകുന്നതിനൊപ്പം, ലോകകപ്പ് മത്സരങ്ങളുടെ തത്സമയ സംപ്രേക്ഷണം കാണുന്നതിനും അവസരമൊരുക്കുന്നു.

ദുബായ് ഡിപ്പാർട്മെന്റ് ഓഫ് ഇക്കോണമി ആൻഡ് ടൂറിസത്തിന് കീഴിലുള്ള ദുബായ് കലണ്ടർ നൽകുന്ന വിവരമനുസരിച്ച് എമിറേറ്റിൽ ഫുട്ബാൾ ആരാധകർക്കായി താഴെ പറയുന്ന ഇടങ്ങളിൽ പ്രത്യേക ആഘോഷങ്ങൾ സംഘടിപ്പിച്ചിട്ടുണ്ട്:

ദുബായ് ഹാർബറിൽ നടക്കുന്ന ‘BudX FIFA Fan Festival’ ഇതിൽ പ്രധാനമാണ്. ഔദ്യോഗിക ഫിഫ ഫാൻ ഫെസ്റ്റിവലിൽ ഉൾപ്പെടുന്ന ഈ പരിപാടിയിൽ പതിനായിരത്തോളം ഫുട്ബാൾ ആരാധകർക്ക് പങ്കെടുക്കാനാകുന്നതാണ്. 4D ഓഡിയോയ്ക്കൊപ്പം 330 സ്‌ക്വയർ മീറ്റർ വലിപ്പമുള്ള ഭീമൻ സ്‌ക്രീനിൽ ലോകകപ്പ് മത്സരങ്ങൾ തത്സമയം കാണാൻ ഈ ഫാൻ ഫെസ്റ്റിവൽ അവസരമൊരുക്കുന്നു.

കുടുംബാംഗങ്ങൾക്ക് ഒത്ത് ചേർന്ന് ഫുട്ബാൾ ലഹരി ആസ്വദിക്കുന്നതിനായി എക്സ്പോ സിറ്റി ദുബായിയിൽ ഒരു ഫാൻ സോൺ ആരംഭിച്ചിട്ടുണ്ട്. ഫുട്ബാൾ പ്രമേയമാക്കി ഒരുക്കിയിട്ടുള്ള ഈ കൂറ്റൻ ഫാൻ സിറ്റിയിൽ ആരാധകർക്കായി രണ്ട് സോണുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്.

നവംബർ 20 മുതൽ ജൂബിലി പാർക്കിൽ ഒരുക്കുന്ന സോണിൽ 10000 ആരാധകർക്ക് പങ്കെടുക്കാവുന്നതാണ്. ഇത് കൂടാതെ അൽ വാസലിൽ ഒരു പ്രീമിയം ഫാൻ സോണും ഒരുക്കുന്നതാണ്. 2500 ആരാധകർക്ക് ഒത്ത്‌ചേരാവുന്ന ഈ ഫാൻ സോൺ ഡിസംബർ 3-ന് തുറക്കുന്നതാണ്.

ദുബായ് മറീനയിൽ സ്ഥിതിചെയ്യുന്ന ഹിൽട്ടൺ ദുബായ് ജുമേയ്‌റയിൽ ഒരു മെഗാ ഫാൻ സോൺ ആരംഭിക്കുന്നതാണ്. ഐൻ ദുബായിയുടെ പശ്ചാത്തലത്തിൽ ഒരുക്കുന്ന ഈ ഫാൻ സോണിലേക്ക് പ്രവേശനം സൗജന്യമാണ്. ഇതിന് പുറമെ എമിറേറ്റിലെ പ്രധാന റെസ്റ്ററന്റുകളിലെല്ലാം ലോകകപ്പ് തത്സമയ പരിപാടികളും, ആഘോഷങ്ങളും സംഘടിപ്പിക്കുന്നതാണ്.