ഫിഫ വേൾഡ് കപ്പ് 2022: മത്സരദിനങ്ങളിൽ ദോഹയിലേക്കുള്ള ഷട്ടിൽ വിമാനസർവീസുകൾക്കുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കിയതായി DWC

GCC News

ഫിഫ വേൾഡ് കപ്പ് ഖത്തർ 2022 ടൂർണമെന്റുമായി ബന്ധപ്പെട്ട യാത്രികരുടെ വലിയ തിരക്ക് കണക്കിലെടുത്ത് യാത്രാസേവനങ്ങൾ ഉറപ്പാക്കുന്നതിനുള്ള എല്ലാ തയ്യാറെടുപ്പുകളും ദുബായ് വേൾഡ് സെൻട്രൽ (DWC) വിമാനത്താവളത്തിൽ പൂർത്തിയാക്കിയതായി അധികൃതർ അറിയിച്ചു. ഇതിനായി മത്സരദിനങ്ങളിൽ ദോഹയിലേക്ക് പ്രത്യേക ഷട്ടിൽ വിമാനസർവീസുകൾ ഏർപ്പെടുത്തുമെന്നും, ഇതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായും അധികൃതർ കൂട്ടിച്ചേർത്തു.

എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. നവംബർ 20 മുതൽ ഡിസംബർ 19 വരെയുള്ള കാലയളവിൽ ദിനവും ദുബായ് വേൾഡ് സെൻട്രലിൽ നിന്ന് ദോഹയിലേക്കും തിരികെയും 120-തോളം ഇത്തരം പ്രത്യേക ഷട്ടിൽ വിമാനസർവീസുകൾ ഏർപ്പെടുത്തിയിട്ടുണ്ട്. ലോകകപ്പ് ഫുട്ബാൾ ആരാധകർക്ക് ദുബായിൽ നിന്ന് ഖത്തറിലേക്കും തിരികെയും യാത്രാസേവനങ്ങൾ നൽകുന്നതിനായുള്ള ഈ ഷട്ടിൽ വിമാനസർവീസുകൾ ഫ്‌ളൈദുബായ്, ഖത്തർ എയർവേസ്‌ എന്നിവരാണ് നടത്തുന്നത്.

ഇതിനായി DWC വിമാനത്താവളം പൂർണ്ണസജ്ജമാണെന്നും, യാത്രികർക്ക് ദുബായ് ഡ്യൂട്ടി ഫ്രീ ഉൾപ്പടെയുള്ള സേവനങ്ങൾ ലഭ്യമാണെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. തിരക്ക് കണക്കിലെടുത്ത്, നവംബർ 20 മുതൽ ഡിസംബർ 19 വരെയുള്ള കാലയളവിൽ DWC വിമാനത്താവളത്തിലൂടെ സഞ്ചരിക്കുന്നവർക്കായി 60 ചെക്ക്-ഇൻ കൗണ്ടറുകൾ, 21 ബോർഡിങ്ങ് ഗേറ്റുകൾ, 60 പാസ്സ്‌പോർട്ട് കണ്ട്രോൾ കൗണ്ടറുകൾ, 10 സ്മാർട്ട് ഗേറ്റുകൾ, 4 ബാഗേജ് ബെൽറ്റുകൾ എന്നിവ സജ്ജമാക്കിയിട്ടുണ്ട്.

എയർപോർട്ടിലേക്കും, തിരികെയും സഞ്ചരിക്കുന്നവർക്കായി RTA പ്രത്യേക ബസ് സർവീസുകൾ ഏർപ്പെടുത്തിയിട്ടുണ്ട്. DWC-യിൽ നിന്ന് ഇബ്ൻ ബത്തൂത്ത മെട്രോ സ്റ്റേഷനിലേക്കും, എക്സ്പോ സിറ്റി മെട്രോ സ്റ്റേഷനിലേക്കും ഓരോ 30 മിനിറ്റ് ഇടവേളയിലും ബസ് സർവീസുകൾ ലഭ്യമാക്കുന്നതാണ്.

ടാക്സി സേവനങ്ങളും ലഭ്യമാണ്. സ്വകാര്യ വാഹനങ്ങൾ സ്വയം ഡ്രൈവ് ചെയ്ത് DWC-യിലെത്തുന്ന യാത്രികർക്ക് വിമാനത്താവളത്തിലെ കാർ പാർക്കിംഗ് (2500 വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള ശേഷി) സൗജന്യമായി ഉപയോഗിക്കാവുന്നതാണ്.

DWC-യിൽ നിന്ന് ദോഹയിലേക്ക് സഞ്ചരിക്കുന്ന യാത്രികർക്ക് ലോകകപ്പ് മത്സരത്തിന്റെ ടിക്കറ്റ്, ഹയ്യ കാർഡ് എന്നിവ നിർബന്ധമാണ്. ഇവയില്ലാത്തവർക്ക് ബോർഡിങ്ങ് അനുവദിക്കുന്നതല്ല. ഇത്തരം യാത്രികർക്ക് ഹാൻഡ് ബാഗേജുകൾ കൊണ്ട് പോകുന്നതിന് മാത്രമാണ് അനുമതി. വീൽചെയർ, സ്‌ട്രോളർ എന്നിവ ഒഴികെയുള്ള വലിയ ലഗേജുകൾക്ക് അനുമതിയില്ല.

WAM