സൗദി: അപരിചിതർക്ക് നൽകുന്ന ധനസഹായം ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കപ്പെടാൻ സാധ്യതയുള്ളതായി അധികൃതർ

GCC News

അപരിചിതർക്ക് സംഭാവനയായി നൽകുന്ന പണം ഭീകരപ്രവര്‍ത്തനങ്ങളിലേർപ്പെടുന്നവർക്കുള്ള ധനസഹായമായി ഉപയോഗിക്കപ്പെടാൻ സാധ്യതയുള്ളതായി സൗദി അധികൃതർ മുന്നറിയിപ്പ് നൽകി. സൗദി അറേബ്യയിലെ പ്രെസിഡെൻസി ഓഫ് സ്റ്റേറ്റ് സെക്യൂരിറ്റിയാണ് രാജ്യത്തെ പൗരന്മാർക്കും, പ്രവാസികൾക്കും ഇത് സംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്.

2022 ഏപ്രിൽ 5-നാണ് പ്രെസിഡെൻസി ഓഫ് സ്റ്റേറ്റ് സെക്യൂരിറ്റി ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. അപരിചിതർക്ക് നൽകുന്ന ഇത്തരത്തിലുള്ള സംഭാവനകൾ ഭീകരപ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി ഉപയോഗിക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന് അധികൃതർ പൊതുസമൂഹത്തെ ഓർമ്മപ്പെടുത്തി.

ഇതിനാൽ അപരിചിതർക്ക് സംഭാവനകൾ നൽകരുതെന്നും, സംഭാവനകൾ നൽകുന്നതിനായി അംഗീകൃത സംവിധാനങ്ങളും, ഔദ്യോഗിക മാർഗങ്ങളും ഉപയോഗിക്കാനും അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്. ഭിക്ഷാടനം പ്രോത്സാഹിപ്പിക്കരുതെന്നും അധികൃതർ കൂട്ടിച്ചേർത്തു.

ഭിക്ഷാടകരുടെ വിവരങ്ങൾ അധികൃതരുമായി പങ്ക് വെക്കാനും പ്രെസിഡെൻസി ഓഫ് സ്റ്റേറ്റ് സെക്യൂരിറ്റി പൗരന്മാരോടും, പ്രവാസികളോടും ആവശ്യപ്പെട്ടിട്ടുണ്ട്. ഭിക്ഷാടനത്തിലേർപ്പെടുന്നവർക്കെതിരെയും, ഭിക്ഷാടനം പ്രോത്സാഹിപ്പിക്കുന്നവർക്കെതിരെയും, സംഘടിത ഭിക്ഷാടക പ്രവർത്തനങ്ങൾ നടത്തുന്നവർക്കെതിരെയും കർശനമായ നിയമനടപടികൾ ഉണ്ടാകുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. ഭിക്ഷാടനത്തിലേർപ്പെടുന്നവരെ കണ്ടെത്തി അറസ്റ്റ് ചെയ്യുന്നതിനുള്ള പ്രത്യേക പരിശോധനകൾ സൗദി അറേബ്യയിൽ നടന്ന് വരികയാണ്.

സൗദി മന്ത്രിസഭ അംഗീകരിച്ചിട്ടുള്ള ഭിക്ഷാടന നിരോധന നിയമപ്രകാരം രാജ്യത്ത് ഭിക്ഷാടനത്തിൽ ഏർപ്പെടുന്നവർക്ക് കനത്ത ശിക്ഷ നേരിടേണ്ടി വരുന്നതാണ്. സൗദി അറേബ്യയിൽ ഭിക്ഷാടനം ഒരുലക്ഷം റിയാൽ പിഴയും, പരമാവധി ഒരു വർഷത്തെ തടവും ലഭിക്കാവുന്ന കുറ്റകൃത്യമാണ്.

സൗദിയിൽ പ്രാബല്യത്തിൽ വന്നിട്ടുള്ള ഭിക്ഷാടന നിരോധന നിയമം ഭിക്ഷാടനത്തിനായി സമൂഹ മാധ്യമങ്ങൾ ഉപയോഗിക്കുന്ന രീതിയിലുള്ള പ്രവർത്തനങ്ങൾക്കും ബാധകമാണെന്ന് അധികൃതർ നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു.