സൗദി: സ്ത്രീകളെയും, കുട്ടികളെയും ചൂഷണം ചെയ്യുന്നത് മനുഷ്യക്കടത്തിന് സമാനമായ കുറ്റകൃത്യമാണെന്ന് പൊതു സുരക്ഷാ വിഭാഗം

Saudi Arabia

ഭിക്ഷാടനത്തിനും മറ്റുമായി സ്ത്രീകളെയും, കുട്ടികളെയും, പ്രായമായവരെയും ചൂഷണം ചെയ്യുന്ന പ്രവർത്തികൾ മനുഷ്യക്കടത്തിന് സമാനമായ കുറ്റകൃത്യമാണെന്ന് സൗദി പബ്ലിക് സെക്യൂരിറ്റി ചൂണ്ടിക്കാട്ടി. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

കുട്ടികളെ ചൂഷണം ചെയ്യുക, അവരുടെ സുരക്ഷയിൽ അശ്രദ്ധ കാണിക്കുക തുടങ്ങിയ പ്രവർത്തികളിലേർപ്പെടുന്നവർക്ക് സൗദി അറേബ്യയിൽ നിയമപരമായ നടപടികൾ നേരിടേണ്ടി വരുന്നതാണ്. കുട്ടികളുടെ തിരിച്ചറിയൽ രേഖകൾ ശരിയായ രീതിയിൽ സൂക്ഷിക്കാതിരിക്കുക, ചൂഷണങ്ങൾക്ക് വിധേയരാകുന്നതിന് സാധ്യതയുള്ള സാഹചര്യങ്ങളിൽ അവരെ വളരാനിടയാക്കുക, കുട്ടികളെ കുറ്റകൃത്യങ്ങൾ, ഭിക്ഷാടനം മുതലായ പ്രവർത്തികൾക്ക് ഉപയോഗിക്കുക തുടങ്ങിയ പ്രവർത്തനങ്ങൾ രാജ്യത്ത് വളരെ ഗുരുതരമായ വീഴ്ച്ചകളായി കണക്കാക്കുന്നതാണ്.

ഭിക്ഷാടനത്തിലേർപ്പെടുന്നവരെ കണ്ടെത്തി അറസ്റ്റ് ചെയ്യുന്നതിനുള്ള പ്രത്യേക പരിശോധനകൾ സൗദി അറേബ്യയിൽ നടന്ന് വരികയാണ്. സൗദി മന്ത്രിസഭ അംഗീകരിച്ചിട്ടുള്ള ഭിക്ഷാടന നിരോധന നിയമപ്രകാരം രാജ്യത്ത് ഭിക്ഷാടനത്തിൽ ഏർപ്പെടുന്നവർക്ക് കനത്ത ശിക്ഷ നേരിടേണ്ടി വരുന്നതാണ്. സൗദി അറേബ്യയിൽ ഭിക്ഷാടനം ഒരുലക്ഷം റിയാൽ പിഴയും, പരമാവധി ഒരു വർഷത്തെ തടവും ലഭിക്കാവുന്ന കുറ്റകൃത്യമാണ്.

സൗദിയിൽ പ്രാബല്യത്തിൽ വന്നിട്ടുള്ള ഭിക്ഷാടന നിരോധന നിയമം ഭിക്ഷാടനത്തിനായി സമൂഹ മാധ്യമങ്ങൾ ഉപയോഗിക്കുന്ന രീതിയിലുള്ള പ്രവർത്തനങ്ങൾക്കും ബാധകമാണെന്ന് അധികൃതർ നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു.