സൗദി: പ്രാർത്ഥനാ സമയങ്ങളിൽ പാട്ട് വെക്കുന്നവർക്ക് പിഴ ചുമത്തുമെന്ന് മുന്നറിയിപ്പ്

GCC News

രാജ്യത്ത് പ്രാർത്ഥനാ സമയങ്ങളിൽ പാര്‍പ്പിട മേഖലകളിൽ പാട്ട് വെക്കുന്നതും, ഉച്ചത്തിൽ സംഗീതം വെക്കുന്നതും ഉൾപ്പടെയുള്ള പ്രവർത്തികൾക്കെതിരെ നിയമ പ്രകാരം ശിക്ഷാ നടപടികൾ കൈക്കൊള്ളാവുന്നതാണെന്ന് സൗദി അധികൃതർ മുന്നറിയിപ്പ് നൽകി. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ഇത്തരം പ്രവർത്തികൾ സൗദിയിൽ പൊതു ഇടങ്ങളിൽ പാലിക്കേണ്ട മര്യാദകൾ സംബന്ധിച്ച നിബന്ധനകൾക്കെതിരാണെന്ന് അധികൃതർ ചൂണ്ടിക്കാട്ടി. ഈ നിബന്ധനകൾ പ്രകാരം ബാങ്ക് വിളിക്കുന്ന സമയങ്ങളിൽ ഉച്ചത്തിൽ സംഗീതം പുറപ്പെടുവിക്കുന്നവർക്ക് ആയിരം റിയാൽ പിഴ ചുമത്തുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. ഈ ലംഘനം ആവർത്തിക്കുന്നവർക്ക് 2000 റിയാൽ പിഴ ചുമത്തുന്നതാണ്.

സൗദിയിലെ പൊതു ഇടങ്ങളിൽ പാലിക്കേണ്ട മര്യാദകൾ സംബന്ധിച്ച നിബന്ധനകളിൽ ഭേദഗതികൾ വരുത്തിയതിന്റെ ഭാഗമായാണ് ആഭ്യന്തര മന്ത്രാലയം ഇക്കാര്യം അറിയിച്ചത്. രാജ്യത്തെ പൊതു ഇടങ്ങളിൽ പാലിക്കേണ്ട മര്യാദകൾ നിയന്ത്രിക്കുന്ന നിയമങ്ങളുടെ ആർട്ടിക്കിൾ 7, 9 എന്നിവയുമായി ബന്ധപ്പെട്ട് സൗദി ആഭ്യന്തര വകുപ്പ് മന്ത്രി പ്രിൻസ് അബ്ദുൽഅസീസ് ബിൻ സൗദ് ബിൻ നൈഫ് അടുത്തിടെ ഭേദഗതികൾ വരുത്തിയിരുന്നു.

ഇപ്പോൾ വരുത്തിയിട്ടുള്ള ഭേദഗതികൾ ഉൾപ്പടെ താഴെ പറയുന്ന 20 പ്രവർത്തികൾ സൗദി അറേബ്യയിൽ പൊതു ഇടങ്ങളിൽ പാലിക്കേണ്ട മര്യാദകൾ സംബന്ധിച്ച നിബന്ധനകളുടെ ലംഘനമായി കണക്കാക്കുന്നതാണ്:

  • പൊതുഇടങ്ങളിൽ വെച്ചുള്ള ലൈംഗിക പീഡനം.
  • പാര്‍പ്പിട മേഖലകളിൽ ഉച്ചത്തിൽ പാട്ട് വെക്കുന്നത്.
  • പ്രാർത്ഥനാ സമയങ്ങളിൽ സംഗീതം വെക്കുന്നത്.
  • പൊതുഇടങ്ങളിൽ ചപ്പ് ചവറുകൾ വലിച്ചെറിയുന്നത്.
  • വളര്‍ത്തുമൃഗങ്ങളുടെ മാലന്യം പൊതു ഇടങ്ങളിൽ നിന്ന് നീക്കം ചെയ്യാതിരിക്കുന്നത്.
  • വികലാംഗർക്കുള്ള ഇരിപ്പിടങ്ങളിൽ മറ്റുള്ളവർ ഇരിക്കുന്നത്.
  • പൊതുഇടങ്ങളിലെ വേലികൾ, വിഭജനരേഖകൾ എന്നിവ മറികടക്കുന്നത്.
  • പൊതു ഇടങ്ങളിൽ മാന്യതയ്ക്ക് നിരക്കാത്ത വസ്ത്രങ്ങൾ ധരിക്കുന്നത്.
  • നഗ്നത പ്രദർശിപ്പിക്കുന്ന ചിത്രങ്ങളുള്ള വസ്ത്രങ്ങൾ ധരിക്കുന്നത്.
  • പൊതു മാന്യതയ്ക്കെതിരായ വാചകങ്ങൾ എഴുതിയിട്ടുള്ള വസ്ത്രങ്ങൾ ധരിക്കുന്നത്.
  • പൊതു ഇടങ്ങളിലെ ചുമരുകളിൽ കുത്തിക്കുറിക്കുന്നത്.
  • വാഹനങ്ങളിൽ വംശീയ വിരോധം ഉളവാക്കുന്ന ആശയങ്ങൾ ഉൾക്കൊള്ളുന്ന സ്റ്റിക്കറുകൾ പതിക്കുന്നത്.
  • ലൈസൻസ് കൂടാതെ പൊതു ഇടങ്ങളിൽ പരസ്യങ്ങൾ വിതരണം ചെയ്യുന്നത്.
  • സഫാരികൾക്കിടയിൽ അനുവാദമില്ലാത്ത ഇടങ്ങളിൽ തീ കൊളുത്തുന്നത്.
  • പൊതു ഇടങ്ങളിൽ വെച്ച് മറ്റുള്ളവർക്കെതിരെ വാക്കുകളാലും, ആംഗ്യങ്ങളാലും അപമാനിക്കുന്ന പ്രവർത്തികൾ ചെയ്യുന്നത്.
  • പൊതു ഇടങ്ങളിൽ ക്യൂ പാലിക്കാതിരിക്കൽ.
  • മറ്റുള്ളവരുടെ കണ്ണിലേക്ക് ലേസർ ലൈറ്റുകൾ അടിക്കുന്നത്.
  • അനുവാദം കൂടാതെ മറ്റു വ്യക്തികളുടെ ഫോട്ടോ പകർത്തുന്നത്.
  • അനുവാദം കൂടാതെ അപകടദൃശ്യങ്ങളുടെ ഫോട്ടോ പകർത്തുന്നത്.

മേല്പറഞ്ഞ ലംഘനങ്ങൾ നടത്തുന്നവർക്ക് അമ്പത് മുതൽ ആറായിരം റിയാൽ വരെയുള്ള പിഴത്തുകകൾ ശിക്ഷയായി ചുമത്തപ്പെടാവുന്നതാണ്.