സൗദി-ബഹ്‌റൈൻ എന്നീ രാജ്യങ്ങൾക്കിടയിൽ ഒരു പുതിയ ക്രോസ്-ബോർഡർ ടാക്സി സർവീസ് പ്രാബല്യത്തിൽ വന്നു. 2026 സെപ്റ്റംബർ 6-നാണ് ഈ ക്രോസ്-ബോർഡർ ടാക്സി സർവീസ് നിലവിൽ വന്നത്.
സൗദി ട്രാൻസ്‌പോർട്ട് ജനറൽ അതോറിറ്റി അധികൃതരെ ഉദ്ധരിച്ച് കൊണ്ട് പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. കിംഗ് ഫഹദ് കോസ്‌വേയിലൂടെ ഇരുരാജ്യങ്ങൾക്കിടയിലും ടാക്സി യാത്രാ സേവനങ്ങൾ നൽകുന്ന രീതിയിലാണ് ഇത് നടപ്പിലാക്കുന്നത്.
ലൈസൻസുള്ള ടാക്സികൾക്ക് 2026 സെപ്റ്റംബർ 6 മുതൽ സൗദി അറേബ്യയ്ക്കും ബഹ്‌റൈനും ഇടയിൽ നേരിട്ട് യാത്രക്കാരെ കിംഗ് ഫഹദ് കോസ്‌വേയിലൂടെ കൊണ്ടുപോകാൻ കഴിയുന്നതാണ്. ഇരു രാജ്യങ്ങളിലെയും അധികാരികളുമായി ഏകോപിപ്പിച്ച് കൊണ്ടാണ് ഈ സംവിധാനം നടപ്പിലാക്കുന്നത്.
അംഗീകൃത സാങ്കേതിക, സുരക്ഷ, സേവന-ഗുണനിലവാര മാനദണ്ഡങ്ങൾ പാലിക്കുന്നവയും, ഔദ്യോഗികമായി ലൈസൻസുള്ളവയുമായ ടാക്സികൾക്ക് മാത്രമാണ് കിംഗ് ഫഹദ് കോസ്‌വേയിലൂടെ ഇരുരാജ്യങ്ങൾക്കിടയിലും ക്രോസ്-ബോർഡർ ടാക്സി സേവനങ്ങൾ നൽകാൻ അനുമതി നൽകിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട ചട്ടങ്ങൾ അനുസരിച്ച് ഈ സേവനത്തിനായി ഉപയോഗിക്കുന്ന ടാക്സി വാഹനങ്ങൾക്ക് അഞ്ച് വർഷത്തിൽ കൂടുതൽ പഴക്കമുണ്ടാകരുത്.
ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക, ടൂറിസം സംയോജനം ശക്തിപ്പെടുത്താനും കോസ്‌വേയിലൂടെയുള്ള യാത്രയുടെ കാര്യക്ഷമതയും അനുഭവവും മെച്ചപ്പെടുത്താനും ഈ പുതിയ സേവനത്തിലൂടെ ലക്ഷ്യമിടുന്നു.

