സൗദി: വാണിജ്യ തട്ടിപ്പുകളിൽ പങ്കാളികളായവർക്ക് യാത്രാ വിലക്ക് ഏർപ്പെടുത്തും; കുറ്റവാളിയെന്ന് കണ്ടെത്തിയാൽ നാട് കടത്താൻ തീരുമാനം

featured GCC News

രാജ്യത്ത് സാമ്പത്തിക തട്ടിപ്പുകൾ നടത്തുന്നവർക്കെതിരായ നിയമനടപടികൾ അവസാനിക്കുന്നത് വരെ, ഇത്തരക്കാർക്ക് രാജ്യത്ത് നിന്ന് പുറത്ത് പോകുന്നതിന് യാത്രാ വിലക്കേർപ്പെടുത്താൻ പബ്ലിക് പ്രോസിക്യൂഷനു അധികാരം നൽകാൻ സൗദി അറേബ്യയുടെ ക്യാബിനറ്റ് തീരുമാനിച്ചു. ഇത്തരം തട്ടിപ്പുകളിൽ പങ്കാളികളായവർക്കെതിരെ കോടതികൾ വിധി പ്രസ്താവിക്കുന്നത് വരെയുള്ള കാലയളവിൽ യാത്രാ വിലക്ക് ഏർപ്പെടുത്തുന്നതിനാണ് പബ്ലിക് പ്രോസിക്യൂഷനു അധികാരം നൽകിയിരിക്കുന്നത്.

സൗദിയിൽ സാമ്പത്തിക കുറ്റകൃത്യങ്ങൾ നിയന്ത്രിക്കുന്നത് ലക്ഷ്യമിട്ടാണ് ഈ തീരുമാനം. ഇത് പ്രകാരം, ഇത്തരം തട്ടിപ്പുകളിൽ പങ്കാളികളായ വിദേശികൾക്കെതിരായ കേസുകളിൽ, ഇവർ കുറ്റവാളിയാണെന്ന് കോടതി വിധിക്കുന്ന സാഹചര്യത്തിൽ, ഇത്തരക്കാരെ സൗദിയിൽ നിന്ന് നാട് കടത്തുന്നതിന് ആഭ്യന്തര മന്ത്രാലയത്തിനെ ചുമതലപ്പെടുത്താനും ക്യാബിനറ്റ് തീരുമാനിച്ചിട്ടുണ്ട്. ഇത്തരത്തിൽ നാട് കടത്തപ്പെടുന്നവർക്ക് പിന്നീട് സൗദിയിലേക്ക് തിരികെ പ്രവേശിക്കാൻ അനുമതി നൽകുന്നതല്ലെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

ഇത്തരം കുറ്റകൃത്യങ്ങൾക്ക് അഞ്ച് വർഷം വരെ തടവും, 5 ദശലക്ഷം റിയാൽ വരെ പിഴയും ചുമത്തുന്നതിനുള്ള നിയമ വ്യവസ്ഥകളും സൗദി അറേബ്യ പ്രഖ്യാപിച്ചിട്ടുണ്ട്.