2023 മാർച്ച് 1, ബുധനാഴ്ച വരെ രാജ്യത്തിന്റ വിവിധ മേഖലകളിൽ അസ്ഥിര കാലാവസ്ഥ തുടരാനിടയുണ്ടെന്നുള്ള സൗദി കാലാവസ്ഥാ കേന്ദ്രത്തിന്റെ അറിയിപ്പിന്റെ പശ്ചാത്തലത്തിൽ ജാഗ്രത പുലർത്താൻ പൊതുജനങ്ങൾക്ക് സിവിൽ ഡിഫൻസ് നിർദ്ദേശം നൽകി. 2023 ഫെബ്രുവരി 26-ന് രാത്രിയാണ് സൗദി സിവിൽ ഡിഫൻസ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
2023 ഫെബ്രുവരി 26 മുതൽ മാർച്ച് 1 വരെ സൗദി അറേബ്യയുടെ വിവിധ പ്രദേശങ്ങളിൽ അസ്ഥിര കാലാവസ്ഥ അനുഭവപ്പെടാനിടയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് സിവിൽ ഡിഫൻസ് ആഹ്വാനം ചെയ്തു. ഈ കാലയളവിൽ റിയാദ് മേഖലയിലും, മക്കയുടെ വിവിധ പ്രദേശങ്ങളിലും സാമാന്യം ഭേദപ്പെട്ട മഴ ലഭിക്കുമെന്നും സൗദി സിവിൽ ഡിഫൻസ് അറിയിച്ചു.
മക്കയുടെ ഏതാനം മേഖലകൾ, തായിഫ്, അസീർ, അബ്ഹ, ഖമീസ് മുഷൈത്, അൽ ജസാൻ, അൽ ബാഹ, നജ്റാൻ തുടങ്ങിയ പ്രദേശങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും, ഇത് പെട്ടന്നുള്ള വെള്ളപ്പൊക്കത്തിലേക്ക് നയിക്കാമെന്നും സിവിൽ ഡിഫൻസ് ചൂണ്ടിക്കാട്ടി. ജിദ്ദ, അൽ ലിത്, ഖുലൈസ്, അൽ ഖുൻഫുദാഹ് മേഖലകളിൽ ചാറ്റൽ മഴയ്ക്ക് സാധ്യതയുണ്ടെന്നും സിവിൽ ഡിഫൻസ് അറിയിച്ചു.
വെള്ളപ്പൊക്കം അനുഭവപ്പെടാൻ ഇടയുള്ള പ്രദേശങ്ങളിൽ നിന്ന് വിട്ട് നിൽക്കാനും, മഴവെള്ളം കെട്ടികിടക്കുന്ന മേഖലകളിൽ നീന്താൻ ഇറങ്ങരുതെന്നും സിവിൽ ഡിഫൻസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
2023 ഫെബ്രുവരി 26 മുതൽ മാർച്ച് 1 വരെ സൗദി അറേബ്യയുടെ വിവിധ പ്രദേശങ്ങളിൽ അസ്ഥിര കാലാവസ്ഥ തുടരുന്നതിന് സാധ്യതയുണ്ടെന്ന് സൗദി ദേശീയ കാലാവസ്ഥാ കേന്ദ്രം 2023 ഫെബ്രുവരി 25-ന് അറിയിപ്പ് നൽകിയിരുന്നു.
Cover Image: Saudi Press Agency.